രണ്ട് ശാഖകളായി വളർന്ന് തെങ്ങ് (Source: ETV Bharat Reporter) ഇടുക്കി: തെങ്ങ് ഒറ്റത്തടി വൃക്ഷമാണെന്ന ശാസ്ത്ര സത്യത്തെ വെല്ലുവിളിക്കുകയാണ് ഇടുക്കി തടിയമ്പാട് സ്വദേശിയുടെ കൃഷിയിടത്തിലെ തെങ്ങ്. കേരളത്തിന്‍റെ സംസ്ഥാനവൃക്ഷമായ തെങ്ങ് പനവർഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒറ്റത്തടി വൃക്ഷമാണ്. എന്നാൽ ഇടുക്കി തടിയമ്പാട് എത്തിയാൽ രണ്ട് ശാഖകളായി വളരുന്ന തെങ്ങും അതിൽ നിറയെ തേങ്ങകളും കാണാം.
തടിയമ്പാട് അശോക കവല സ്വദേശി പുല്ലുമലയിൽ സതീഷിന്‍റെ കൃഷിയിടത്തിലാണ് ഈ കൗതുകമുണർത്തുന്ന അപൂർവ കാഴ്‌ചയുള്ളത്. 40 വർഷം മുൻപാണ് സതീഷും പിതാവും ചേർന്ന് കൃഷിയിടത്തിൽ തെങ്ങ് നട്ടത്. വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഒറ്റത്തടി വൃക്ഷമായാണ് തെങ്ങ് വളർന്ന് വന്നത്.
എന്നാൽ 20 വർഷത്തോളമായപ്പോൾ നാളികേര കർഷകരുടെ വർഗ ശത്രുവായ ചെല്ലിയുടെ ആക്രമണമുണ്ടായി. ഇതേത്തുടർന്ന് തെങ്ങിന്‍റെ കേടായ മുകൾഭാഗം മുറിച്ചുമാറ്റി. എന്നാൽ തലപോയാലും തളരില്ല എന്നതിന് മാതൃകകാട്ടി മണ്ടപോയ തെങ്ങിന്‍റെ മുകൾഭാഗം രണ്ട് ശാഖകളായി വളരുകയായിരുന്നു.
ഒരേ ഉയരത്തിലും വലിപ്പത്തിലും വളർന്നു വന്ന ശാഖകൾ 10 വർഷം പിന്നിട്ടപ്പോൾ ഒരേപോലെ കായ്‌ഫലവും നൽകി. തൊണ്ട് കട്ടി കുറഞ്ഞ നല്ല തേങ്ങകളാണ് ഈ തെങ്ങിൽ നിന്ന് ലഭിക്കുന്നത്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിലാണ് തെങ്ങിനെ കൽപ്പ വൃക്ഷം എന്ന് വിളിക്കുന്നത്. അതിനാൽ നിസംശയം പറയാം ഇതുതന്നെയാണ് കൽപ്പവൃക്ഷം.
Also Read: വേനല്‍ച്ചൂടില്‍ ഉള്ളുതണുക്കാന്‍ പാഷന്‍ ഫ്രൂട്ട് ; മികച്ച വിളവില്‍ ലാഭം കൊയ്‌ത് ജിന്‍റോ