തിരുവനന്തപുരം : തീര പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഇളവു ചെയ്‌തുകൊണ്ടുള്ള പുതിയ തീരദേശ പരിപാലന പ്ലാന്‍ സംസ്ഥാനം തയ്യാറാക്കി. സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ ഉള്‍പ്പെടെ നിര്‍മാണത്തിന് ഇളവ് നല്‍കുന്ന തരത്തില്‍ തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മാസം കേന്ദ്രത്തിന് സമര്‍പ്പിക്കും.
ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം(സെസ്) സംസ്ഥാന സര്‍ക്കാരിന് കൈമാറിയ പ്ലാനിന് കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയും. പുതുതായി സമര്‍പ്പിച്ച പ്ലാനില്‍ സംസ്ഥാനത്തെ കായല്‍, കടല്‍ തീരങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം 50 മീറ്ററായി കുറയ്ക്കുന്നതിനുള്ള വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രം ഇക്കാര്യം അംഗീകരിച്ചാല്‍ ഇനി ഇത്തരം പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദൂരപരിധി 50 മീറ്ററായി കുറയ്ക്കാനാകുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റിലെ എന്‍വയോണ്‍മെൻ്റ് എന്‍ജിനിയര്‍ കലൈയരസന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പുഴ, കായല്‍ തീരങ്ങളില്‍ നിലവിലെ 100 മീറ്ററില്‍ നിയന്ത്രണം എന്നത് 50 മീറ്ററായും കടല്‍ തീരങ്ങളില്‍ 200 മീറ്ററില്‍ നിന്നും 50 മീറ്ററായുമാണ് നിര്‍മാണങ്ങള്‍ക്ക് ഇളവ്.
സ്വകാര്യ ഭൂമികളിലെ കണ്ടല്‍ക്കാടുകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ ആയിരം ചതുരശ്ര മീറ്റര്‍ കണ്ടല്‍ക്കാടുണ്ടെങ്കില്‍ മാത്രമേ ബഫര്‍സോണ്‍ ബാധകമാകുവെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം സമര്‍പ്പിച്ച പ്ലാനില്‍ ശുപാര്‍ശ ചെയ്യുന്നു. ബണ്ടുകള്‍ക്ക് സമീപവും ഇനി നിര്‍മാണങ്ങള്‍ വ്യവസ്ഥകളോടെ അംഗീകരിക്കും. 66 ഗ്രാമപഞ്ചായത്തുകളെ കൂടി നഗരപ്രദേശങ്ങളുടെ വിഭാഗമായ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ 2ല്‍ ഉള്‍പ്പെടുത്തി.
സംസ്ഥാനങ്ങള്‍ തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കണമെന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിൻ്റെ നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കേരളം തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കിയത്. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ പ്ലാന്‍ സംസ്ഥാന സര്‍ക്കാരാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത്.