കൊല്ലത്തെ കടലാക്രമണം: റോഡ് ഉപരോധിച്ച് തീരദേശവാസികൾ; കളത്തിലിറഞ്ഞി സ്ഥാനാർഥികൾ കൊല്ലം :തീരദേശവാസികൾ കൊല്ലം തീരദേശ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിലാണ് മുണ്ടയ്ക്കൽ മുതൽ താന്നിവരെയുള്ള കൊല്ലം തീരത്തെ നിരവധി വീടുകൾ കടലെടുത്തത്. സർക്കാർ ഇടപെടലില്ലാത്തതിൽ ഉപരോധസമരം തുടരുകയാണ്.
വെടിക്കുന്ന് ഭാഗത്തെ പത്ത് വീടുകൾ കഴിഞ്ഞ ദിവസം കടലെടുത്തു. ഇതോടെയാണ് പ്രതിഷേധവുമായി തീരദേശവാസികൾ രംഗത്തെത്തിയത്. തങ്ങളുടെ ആശങ്കകൾക്ക് സർക്കാരും ജനപ്രതിനിധികളും ശാശ്വത പരിഹാരം കാണുന്നില്ലെന്നാരോപിച്ച് മുണ്ടയ്ക്കൽ ഇരവിപുരം തീരദേശ റോഡ് ഉപരോധിച്ച സമരക്കാർ റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാർ സ്ഥലത്തെത്തി.
കടൽ കയറിയ ഭാഗം സന്ദർശിച്ച കൃഷ്‌ണകുമാർ തീരദേശവാസികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലം എംപിയും യു ഡി എഫ് സ്ഥാനാർഥിയുമായ എൻ കെ പ്രേമചന്ദ്രൻ എത്തിയതോടെ പ്രതിഷേധക്കാർ അവരുടെ ദുരിതങ്ങളുടെ കെട്ടഴിച്ചു. അതിൽ പ്രതിഷേധവും സങ്കടവും നിറഞ്ഞു. ശക്തമായ തിരമാലകളാണ് തീരത്തേക്ക് ആഞ്ഞടിക്കുന്നത്. വൈകുന്നേരത്തോടെ കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകും.
പുലിമുട്ടുകൾ സ്ഥാപിച്ച് തീരത്തെ രക്ഷപ്പെടുത്താൻ വേണ്ട സംവിധാനം ഒരുക്കണമെന്നാണ് തീരദേശ വാസികളുടെ പ്രധാന അവിശ്യം. സ്ത്രീകളും കുട്ടികളടക്കം റോഡ് ഉപരോധസമരത്തിൽ പങ്കെടുത്തു. വെടിക്കുന്ന് ഭാഗത്ത് നിന്നും സമരം കൊച്ചുപിലാം മൂട്ടിലേക്ക് മാറ്റി. റോഡ് ഉപരോധിച്ചതിനാൽ അസിസ്റ്റന്‍റ് കലക്‌ടർ മുകുന്ത് ഠാക്കൂർ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെ ക്യാമ്പ് ചെയ്യുന്നുണ്ട്.
Also read : തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം തീരങ്ങളിൽ അപ്രതീക്ഷിത കടൽക്ഷോഭം; നിരവധി വീടുകള്‍ കടലെടുത്തു - Sea Disturbance