എറണാകുളം : തീരസേനയുടെ (കോസ്‌റ്റ്ഗാർഡ്) ഹെലികോപ്‌ടർ അപകടത്തിൽപെട്ട് മരിച്ച സൈനികൻ വിപിൻ ബാബുവിൻ്റെ മൃതദേഹം ഇന്ന് (സെപ്റ്റംബർ 4) ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ഗുജറാത്തിലെ പോർബന്തറിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെയായിരുന്നു സീനിയർ ഡെപ്യൂട്ടി കമാന്‍ഡന്‍റ് മാവേലിക്കര സ്വദേശി വിപിൻ ബാബു (39) മരിച്ചത്. പോർബന്തറിൽ നിന്ന് അഹമ്മദാബാദ് വഴി ഉച്ചക്ക് ഒരു മണിയോടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് പ്രത്യേക സൈനിക വാഹനത്തിൽ മാവേലിക്കരയിലേക്ക് കൊണ്ടു പോകും. ഔദ്യോഗികമായ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. ഗുജറാത്തിലെ കനത്ത മഴയിലും ചുഴലിക്കാറ്റിലും രക്ഷാപ്രവർത്തനത്തനം നടത്തുന്നതിനിടെ വിപിൻ പൈലറ്റായിരുന്ന അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്‌ടർ (എഎൽഎച്ച്) തിങ്കളാഴ്‌ച (സെപ്റ്റംബർ 3) രാത്രി നിയന്ത്രണം വിട്ടു കടലിൽ വീഴുകയായിരുന്നു.