തിരുവനന്തപുരം:പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പിവി അൻവറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെന്‍ഷന്‍. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി.
ഡിജിപിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എയും രംഗത്തെത്തി. ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. വിക്കറ്റ് നമ്പര്‍ വണ്‍ എന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ പത്തനംതിട്ട എസ്‌പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
പിവി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്‌പി സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിത ബീഗം തയാറാക്കിയ റിപ്പോർട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറിയിരുന്നു. പരാതി പിൻവലിക്കാൻ എംഎല്‍എയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും എസ്‌പിക്കെതിരെ റിപ്പോർട്ട് വന്നിരുന്നു.