കോഴിക്കോട്:കോണ്‍ഗ്രസിനെതിരെയും ആര്‍എസ്എസിനെതിരെയും ലീഗിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫിസ് കെട്ടിടം (നായനാർ ഭവൻ) ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. ബാബരി മസ്‌ജിദ് തകര്‍ത്തത് ഉള്‍പ്പെടെ ചരിത്രത്തിലുടനീളം ആര്‍എസ്എസ് വര്‍ഗീയതയുമായി മുന്നോട്ടുപോയപ്പോള്‍ അതിനെ പിന്തുണച്ചവരാണ് കോണ്‍ഗ്രസെന്നും, ഒരു ഘട്ടത്തില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി വര്‍ഗീയതയെ കൂടെനിര്‍ത്തിയവരാണ് ലീഗ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നമ്മുടെ രാജ്യം മതനിരപേക്ഷമാകണം എന്നത് ഭരണഘടന അസംബ്ലിയില്‍ തന്നെ സ്വീകരിച്ച കാര്യമായിരുന്നുവെന്നും, എന്നാല്‍ അന്നുമുതല്‍ തന്നെ ആര്‍എസ്‌എസ് നേതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പണ്ട് മുതലെ മതനിരപേക്ഷതയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. വിവിധ ഘട്ടങ്ങളിലായി ആര്‍എസ്‌എസിനൊപ്പം കോണ്‍ഗ്രസും ഒപ്പം നിന്നു, അതിലെ ഏറ്റവും ഒരു പ്രധാനപ്പെട്ട ഘട്ടമായിരുന്നു ബാബരി മസ്‌ജിദ് തകര്‍ത്ത സംഭവമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബാബരി മസ്‌ജിദ് തകര്‍ത്ത സംഭവം ഏതെങ്കിലും ഒരു കെട്ടിടം തകര്‍ത്ത സംഭവം മാത്രമല്ല, രാജ്യത്തിന്‍റെ മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു അത്, ആ പ്രതീകമാണ് തകര്‍ക്കാൻ സംഘപരിവാര്‍ ശ്രമിച്ചത്. അത് ഒരു ദിവസത്തെ പ്ലാൻ അല്ല, ദീര്‍ഘകാലമായി സംഘപരിവാര്‍ അതിനാണ് ശ്രമിച്ചു കൊണ്ടിരുന്നത്. അന്ന് കേന്ദ്രത്തില്‍ നരസിംഹ റാവുവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉണ്ടായിരുന്നത്. ബാബരി മസ്‌ജിദ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രമേയം കൊണ്ടുവന്നിരുന്നുവെന്നും, എന്നാല്‍ ബാബരി മസ്‌ജിദ് തകര്‍ക്കാൻ പൂര്‍ണ പിന്തുണ നല്‍കിയത് കോണ്‍ഗ്രസായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അന്ന് ബാബരി മസ്‌ജിദ് തകര്‍ക്കുമ്പോള്‍ പല കോണില്‍ നിന്നും നിരവധിപേര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഔട്ട് ഓഫ് റേഞ്ച് ആയിരുന്നുവെന്നും പൂര്‍ണമായി സംഘപരിവാനോട് കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ ഏത് ചരിത്രം എടുത്തുനോക്കിയാലും വര്‍ഗീയതയ്‌ക്കെതിരെ നിലപാട് എടുക്കാൻ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല, വര്‍ഗീയതയ്‌ക്കൊപ്പം നിലനില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.