കേരളം

kerala

ETV Bharat / state

പൂരം അലങ്കോലപ്പെട്ടില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി; പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാരിന്

പൂരം വിഷയത്തിൽ അലങ്കോലപ്പെടുത്താനുളള ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാട് മാത്രമാണ് സര്‍ക്കാര്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.

THRISSUR POORAM ISSUE  തൃശൂര്‍ പൂരം  CM PINARAYI VIJAYAN  തൃശൂർ പൂരം കലക്കൽ വിവാദം
CM Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 8:13 PM IST

Updated : Oct 28, 2024, 8:25 PM IST

തിരുവനന്തപുരം:തൃശൂര്‍ പൂരം കലങ്ങിയെന്ന സിപിഐയുടെ ഉള്‍പ്പെടെയുള്ള ആരോപണം തള്ളി പുതിയ വിവാദത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം കലങ്ങിയില്ലെന്ന നിലപാടില്‍ ഉറച്ചു തന്നെ. ഇന്ന് വൈകിട്ട് ആറുമണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി തന്‍റെ നിലപാട് ആവര്‍ത്തിച്ചത്. പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.

വാര്‍ത്താക്കുറിപ്പിൻ്റെ പൂര്‍ണ രൂപം:

ജനസഹസ്രങ്ങള്‍ പങ്കാളികളായ തൃശൂര്‍ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്‌തുതയാണ്.

പൂരത്തോടനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വെടിക്കെട്ടിൻ്റെ മുന്നോടിയായി തൃശൂര്‍ റൗണ്ടില്‍ നിന്നും (സ്റ്റെറയില്‍ സോണ്‍) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിര്‍പ്പുകളും അതിൻ്റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.

ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്. സംഭവിച്ചതിൻ്റെയെല്ലാം കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ട് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നത് ?. പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്.

പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താത്‌പര്യം സംഘപരിവാറിൻ്റേതാണ്. അത്തരം കുത്സിത നീക്കങ്ങള്‍ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിൻ്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്‌ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിൻ്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിൻ്റെ താത്‌പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താത്‌പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാക്കെയും.

ഉദ്യോഗസ്ഥതലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിൻ്റെ നിലപാട്. പൂരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വര്‍ഷങ്ങളില്‍ കുറ്റമറ്റ രീതിയില്‍ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിൻ്റേത്. ഇങ്ങനെയാണ് വാര്‍ത്താക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം പ്രതിപക്ഷത്തിൻ്റെ തലയില്‍ വച്ചു കെട്ടാനാണ് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ ശ്രമിക്കുന്നതെങ്കിലും ഇത് സിപിഐയെ ഉന്നമിട്ടാണെന്നത് വ്യക്തം. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തൃശൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥിയും സിപിഐ നേതാവുമായ വിഎസ് സുനില്‍കുമാറാണ്.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട മൂന്ന് അന്വേഷണങ്ങള്‍ പുരോഗമിക്കുകയും പൊലീസ് 26 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌ത അവസരത്തിലാണ് പൂരം കലങ്ങിയില്ലെന്ന് വിചിത്രമായ അഭിപ്രായം അന്വേഷണ സംഘത്തെ നിയോഗിച്ച മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത്.

കോഴിക്കോട്ട് പി ജയരാജൻ്റെ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു ആദ്യ വിവാദ പരാമര്‍ശം. പിന്നാലെ വാര്‍ത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിക്കുക കൂടിയാണ്. ഇതിനോട് സിപിഐ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്.
Also Read:ജനങ്ങൾ ഒറ്റക്കെട്ടായി പൂരം കലക്കിയവർക്കെതിരെ പോരാട്ടം നടത്തും: രമ്യ ഹരിദാസ്

Last Updated : Oct 28, 2024, 8:25 PM IST

ABOUT THE AUTHOR

...view details