എറണാകുളം : വയനാട്ടിലെ റാലിയിൽ ലീഗിന്‍റെയും കോൺഗ്രസിൻ്റെയും പതാക ഒഴിവാക്കിയ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചു :രാഹുൽ ഗാന്ധി ഇന്നലെയാണ് പത്രിക സമർപ്പിച്ചത്. ഇതിൻ്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ ശ്രദ്ധിക്കപ്പെട്ടത് സ്വന്തം പാർട്ടി പതാക എവിടെയും കണ്ടില്ല എന്നതാണ്. സ്വന്തം പതാക ഉയർത്തി പിടിക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറുന്നത് എന്ത് കൊണ്ടാണ് എന്നത് സ്വാഭാവിക സംശയമാണെന്ന് പിണറായി വിജയൻ പറഞ്ഞു.
പാർട്ടിയുടെ ദേശീയ നേതാവ് പങ്കെടുത്ത പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് സ്വന്തം പതാക പിടിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്. കഴിഞ്ഞ തവണ വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഒരു തരം ഭീരുത്വമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലീഗിൻ്റെ വോട്ട് വേണം, പതാക പറ്റില്ല എന്നതാണ് കോൺഗ്രസ് നിലപാട്. ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് ആ കൊടിയുടെ ചരിത്രം അറിയുമോയെന്ന സംശയമുയരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപെട്ട പതാക എല്ലാ ഇന്ത്യക്കാരെയും പ്രതിനിധികരിക്കുന്നുവെന്നാണ് ഗാന്ധിജി പറഞ്ഞത്.
ജ്വലിക്കുന്ന ചരിത്രമുള്ള പതാകയുടെ ചരിത്രമാണ് കോൺഗ്രസ് ബിജെപിയെ ഭയന്ന് ഒളിപ്പിക്കുന്നത്. ത്രിവർണ പതാക കോൺഗ്രസ് ഉപേക്ഷിക്കണമെന്നത് സംഘപരിവാറിൻ്റെ ആവശ്യമായിരുന്നു. സ്വന്തം അസ്‌തിത്വം പണയം വച്ചാണ് ഇവർ നിൽക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. ലീഗിൻ്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ പതാകയാണെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.