കേന്ദ്ര വനംമന്ത്രിക്കെതിരെ മുഖ്യമന്ത്രി (ETV Bharat) തിരുവനന്തപുരം:അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും ഖനനവുമാണ് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന് കാരണമെന്ന കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കുചിത താൽപര്യങ്ങള്‍ക്കു വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയുള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ല. ഇത്തരം ഒരു ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്ര മന്ത്രി അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശത്ത് നിന്നും ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്ററാണ്. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നല്‍കാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ്. കേരള സര്‍ക്കാരിനെതിരെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ വഴിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
കേന്ദ്ര വനംമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയുമായി കൂട്ടിവായിക്കുമ്പോള്‍ ഈ മാധ്യമ വാര്‍ത്തകള്‍ ശരിയാണെന്നാണ് മനസിലാക്കേണ്ടത്. പെയിഡ് ലേഖന പരിപാടി ആരെ ദ്രോഹിക്കാനാണ് ആസൂത്രണം ചെയ്യുന്നത് എന്നവർ തന്നെ ആലോചിക്കേണ്ടതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ഗൗരവമായി പരിസ്ഥിതി സംരക്ഷിക്കപ്പെടുന്ന മുണ്ടക്കൈയിൽ അനധികൃത ഖനനം നടക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇതറിഞ്ഞിട്ടും അനധികൃത ഖനനമാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന വാദത്തിന് പിന്നിലെ രാഷ്ട്രീയമെന്തെന്ന് മലയാളികള്‍ക്ക് മനസിലാകും. ഓല മടക്കി കൂര കെട്ടിയ തോട്ടം തൊഴിലാളികള്‍ അനധികൃത കയ്യേറ്റകാരാണ് എന്നല്ലേ കേന്ദ്ര മന്ത്രി പറഞ്ഞു വരുന്നത്. ഉരുള്‍പൊട്ടലിന്‍റെ ഉത്തരവാദിത്വം പാവപ്പെട്ട തൊഴിലാളികളുടെ ഉള്‍പ്പെടെ തലയില്‍ ചാര്‍ത്തുകയല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ ആലോചനയിലൂടെ ശാസ്ത്രീയമായ സമീപനത്തിലൂടെ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read:വയനാട് ദുരന്തമുഖത്ത് രാഷ്ട്രീയം പറയാനില്ല: സിഎംഡിആർഎഫിൽ നിന്നും കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണം: കെ സുധാകരൻ