തിരുവനന്തപുരം :കാലവർഷ കെടുതികൾ സ്ഥിരം സംഭവമാകുമ്പോൾ സർക്കാർ തലത്തിൽ മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നൊരുക്കങ്ങൾ പാലിക്കാനായി എല്ലാ വകുപ്പുകളും ഓറഞ്ച് ബുക്ക് പിന്തുടരണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്കിൽ പ്രകൃതി ദുരന്തങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളാണ് നിർദേശിക്കുന്നത്.
ദുരിതബാധിതരെ താമസിപ്പിക്കാനായി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക, മലവെള്ളപ്പാച്ചില്‍ സംഭവിക്കാന്‍ ഇടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ സംവിധാനങ്ങളും ഉറപ്പാക്കുക, സ്‌കൂളുകളുടെ ചുറ്റുമതിലും മേല്‍ക്കൂരയും സമീപത്തുള്ള മരങ്ങളും അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളെക്കൂടി ദുരന്തനിവാരണ പ്ലാനിന്‍റെ ഭാഗമാക്കി സജീകരിക്കുക, ജലാശയങ്ങള്‍ വൃത്തിയാക്കുക, വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പാമ്പ് വിഷ പ്രതിരോധ മരുന്നുകള്‍ സജീകരിക്കുക, പാമ്പ് കടിക്ക് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കുക എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻ കരുതലുകൾ ഓറഞ്ച് ബുക്കിൽ വിശദമായി നിർദേശിക്കുന്നു.