ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി (ETV Bharat) തിരുവനനന്തപുരം:വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ഉദാരമായ സംഭാവനകള്‍ നല്‍കണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്‌ടപ്പെട്ടവര്‍ക്ക് മറ്റെന്ത് നല്‍കിയാലും പകരമാകില്ല. എങ്കിലും എല്ലാം നഷ്‌ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തേണ്ടുതണ്ട്.
അതിനായി ഉദാരമായ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. അതുപോലെതന്നെ വയനാട്ടില്‍ ഇപ്പോള്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തില്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ.
സി.എം.ഡി.ആര്‍.എഫിലേയ്ക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്. സിയാല്‍ രണ്ട് കോടി രൂപ വാഗ്‌ദാനം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അഞ്ച് കോടി രൂപ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
വയനാട്ടില്‍ ഉണ്ടായ ഈ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്‍റെ ഭാഗമാകണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കണം:ദുരന്ത വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ടെന്നും അത് കേരളത്തിന്‍റെ പൊതു സ്വഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായ അത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്‌ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ട്.
ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങള്‍ പോകുന്നത് കര്‍ശനമായി ഒഴിവാക്കണം. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിന്‍റെ ഭാഗമായി തടയപ്പെടുന്നത്. സമൂഹത്തിന്‍റെയാകെ ഉത്തരവാദിത്തമായി മനസ്സിലാക്കി ഇതില്‍ സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
മാധ്യമങ്ങള്‍ക്ക് പ്രശംസ:ഈ ദുരന്തത്തിന്‍റെ ആഘാതത്തില്‍ സംസ്ഥാനം ആകെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മാധ്യമങ്ങളുടെ ഇടപെടലുകള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ അവധാനതയോട് കൂടി ഭീതി പടര്‍ത്താതെ വിവരങ്ങള്‍ ജനങ്ങളിലേക്കും മറ്റ് ബന്ധപ്പെട്ടവരിലേക്കും എത്തിക്കുന്നതില്‍ എല്ലാ മാധ്യമങ്ങളും ഒരുപോലെയാണ് പ്രവര്‍ത്തിച്ചത്. കേരളമൊട്ടാകെ ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ഈ വേളയില്‍ മാധ്യമങ്ങളും അത്തരത്തിലൊരു സമീപനം സ്വീകരിച്ചത് നല്ല രീതിയാണ്.
അതോടൊപ്പം ദുരന്ത മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ നിങ്ങളുടെ ജോലി നിര്‍വഹിക്കണം എന്ന കാര്യം കൂടി ഓര്‍മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:വയനാട് ഉരുൾപൊട്ടൽ: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം