തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ അറസ്‌റ്റ് വാറൻ്റ് പുറപ്പെടുവിച്ച് സിജെഎം കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുജ കെ എം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറൻ്റ്.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായ കേസിലെ 28-ാം പ്രതിയാണ് ഫിറോസ്. അന്ന് പൊലീസ് അറസ്റ്റ് ചെയ്‌ത ഫിറോസിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
നേരത്തെ, വിവിധ ചടങ്ങുകളിലായി വിദേശത്ത് പോകണമെന്ന ആവശ്യം ഉന്നയിച്ച് ഫിറോസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ആവശ്യം പരിഗണിക്കുന്നത് നിയമത്തെ വെല്ലുവിളിക്കുന്നതാണെന്ന് കോടതി നിലപാട് സ്വീകരിച്ചു. ഇത് മറികടന്നാണ് ഫിറോസിൻ്റെ വിദേശ യാത്ര.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജാമ്യം അനുവധിച്ച സമയം കോടതി ഉത്തരവിൽ പറഞ്ഞ പാസ്പോർട്ട് കോടതിയിൽ നൽകണം എന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ ജാമ്യവ്യവസ്ഥ ലംഘിച്ച ഫിറോസ് തുര്‍ക്കിയിലാണെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിൻ്റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് യുവജന സംഘടനകള്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷമുണ്ടായതിനും പൊതു മുതൽ നശിപ്പിച്ചതിനുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
രാഹുല്‍ മാങ്കൂട്ടത്തില്‍, പികെ ഫിറോസ് തുടങ്ങിയവരായിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്. ബാരിക്കേഡ് മറികടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവരടെക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നും നിർദേശമുണ്ടായിരുന്നു.
Read More: മാമി തിരോധാന കേസ്; ഡ്രൈവറെയും ഭാര്യയേയും കാണാനില്ലെന്ന് പരാതി, സംഭവം ക്രൈംബ്രാഞ്ച് നോട്ടിസിന് പിന്നാലെ - MAMI MISSING CASE LATEST