കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി വിജ്ഞാപനം : പോരാടാനുറച്ച് എൽഡിഎഫും യുഡിഎഫും - Citizenship Amendment Act

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ നിയമപോരാട്ടത്തിന് തയ്യാറെടുത്ത്‌ എൽഡിഎഫും യുഡിഎഫും

Citizenship Amendment Act  LDF and UDF plan legal battle  LDF protest  udf
Citizenship Amendment Act

By ETV Bharat Kerala Team

Published : Mar 12, 2024, 2:12 PM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന് കണക്കുകൂട്ടി കേന്ദ്ര സർക്കാർ നടത്തിയ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തെ തങ്ങൾക്കനുകൂലമാക്കാനുള്ള അവസരമായെടുത്ത് എൽഡിഎഫും യുഡിഎഫും നിയമപോരാട്ടത്തിന് ചുവടുവയ്ക്കുന്നു. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

യുഡിഎഫിൽ ഘടകകക്ഷിയായ മുസ്ലിം ലീഗ് ഒരു ചുവടുകൂടി മുന്നോട്ടുവച്ച് സുപ്രീം കോടതിയിലേക്ക് നീങ്ങിക്കഴിഞ്ഞു. മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് സ്വന്തം നിലയിൽ സുപ്രീം കോടതിയിലേക്ക് പോകുകയോ ലീഗിൻ്റെ ഹർജിയെ പിന്തുണയ്ക്കുകയോ ചെയ്യാനുള്ള ആലോചനയിലാണ്. യുഡിഎഫ് സ്വന്തം നിലയിൽ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകുന്നതിനും ആലോചനയുണ്ട്.

വിജ്ഞാപനത്തിൻ്റെ തൊട്ടടുത്ത ദിവസം തന്നെ എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു എന്നതു തന്നെ ഇതിൻ്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞാണെന്ന് വ്യക്തമാണ്. ഇന്ന് മണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നത്. അതിനുമുന്നേ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്‌ത്‌ മുസ്ലിം ലീഗ് തിരിച്ചടിച്ചുകഴിഞ്ഞു.

പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ച് ജനങ്ങളിൽ വർഗീയ ചേരിതിരിവുണ്ടാക്കി മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഇത് കോൺഗ്രസും യുഡിഎഫും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയ്ക്കുശേഷമുള്ള അടുത്ത രാഷ്ട്രീയ സ്റ്റണ്ടായാണ് അദ്ദേഹം ഇതിനെ കാണുന്നത്.

സംസ്ഥാന സർക്കാരിൻ്റെ നീക്കങ്ങൾക്ക് ഇപ്പോൾ ഡൽഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമേ വ്യക്തത ഉണ്ടാവുകയുള്ളൂ. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഇതുസംബന്ധിച്ച് മുതിർന്ന നിയമ വിദഗ്‌ധരുമായി ഇക്കാര്യം സംസാരിക്കും. അതുകൂടി കണക്കിലെടുത്താകും ഹർജിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. എൽഡിഎഫും പ്രത്യേകം ഹർജി പരിഗണിക്കുന്നതായി അറിയുന്നു.

ഇരുമുന്നണികളും ഇതിനെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണെങ്കിലും സംസ്ഥാനത്തെയും മത ന്യൂന പക്ഷങ്ങളെ കേന്ദ്ര സർക്കാർ തീരുമാനം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമസ്‌ത പോലുള്ള മത സാമുദായിക സംഘടനകളും നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഒരു വിഷയം എന്നതിനപ്പുറം ഒരു വേള കെട്ടടങ്ങിയ പ്രക്ഷോഭത്തീ വീണ്ടും തെരുവിൽ ആളിക്കത്തിക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം കാരണമാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

ABOUT THE AUTHOR

...view details