തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 20 കോടി ഒന്നാം സമ്മാനം നൽകുന്ന ക്രിസ്‌മസ് - പുതുവത്സര ബമ്പർ വിജയികളെ ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും തലസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന തകൃതിയാണ്.
ലോട്ടറി വകുപ്പ് ആകെ 50 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്‌തത്. ഇതിൽ 45 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റുപോയി. ഇപ്പോഴും വില്‍പന നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം 33 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെക്കാൾ 1,200,000 ടിക്കറ്റുകളാണ് ഇത്തവണ അധികമായി വിറ്റുപോയത്. വില്‍പനയുടെ കാര്യത്തിൽ പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളാണ് ആദ്യ സ്ഥാനങ്ങളിൽ. ഇത്തവണ സമ്മാന ഘടനയിൽ അടക്കം വിപുലമായ മാറ്റങ്ങളുമായാണ് ക്രിസ്‌മസ് പുതുവത്സര ബമ്പർ വിപണിയിൽ എത്തിയത്.
മുൻ വർഷത്തിൽ ഒന്നാം സമ്മാനം 16 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 20 കോടിയായി ഉയർത്തി. 400 രൂപയാണ് ടിക്കറ്റ് വില. 20 പേര്‍ക്ക് ഒരു കോടി വീതം രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം. നാലാം സമ്മാനം 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം. അഞ്ചാം സമ്മാനം 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം. അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും ഇത്തവണ ഉണ്ട്.
2022-23ലെ ക്രിസ്‌മസ്-ന്യൂ ഇയര്‍ ബമ്പറിന് മൂന്നു ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി എണ്ണൂറ്റി നാല്‍പത് സമ്മാനങ്ങളായിരുന്നു. എന്നാൽ ഇത്തവണ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാനൂറ്റി അറുപത് സമ്മാനങ്ങളാണ്. ആകെ ആറ് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറു സമ്മാനങ്ങള്‍. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാൽ നറുക്കെടുക്കും. തുടർന്ന് സമ്മര്‍ ബമ്പര്‍-2024 (ബിആര്‍ 96 ) ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങിന്‍റെ ഉദ്ഘാടനം ധനമന്ത്രി നിര്‍വഹിക്കും. സമ്മര്‍ ബമ്പറിന്‍റെ ടിക്കറ്റ് ബ്ലോ അപ്പ് ചലചിത്ര താരം സോനാ നായര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങും.
Also read : 20 കോടിയുടെ സമ്മാനം ആര്‍ക്കായിരിക്കും; ഫലമറിയാന്‍ ദിവസങ്ങള്‍ ശേഷിക്കെ ബമ്പറടിച്ച് ലോട്ടറി വകുപ്പ്