തിരുവനന്തപുരം :യേശു ക്രിസ്‌തുവിന്‍റെ കുരിശുമരണത്തെ അനുസ്‌മരിക്കുന്ന ദിവസമാണ് ദുഃഖവെള്ളി. ക്രൈസ്‌തവ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിനമാണിത്. രാജ്യത്തുടനീളം പള്ളികളില്‍ ഇന്ന് കുരിശിന്‍റെ വഴിയും പ്രത്യേക പ്രാർഥനകളും നടക്കുന്നു. ഈ ദിനം ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിന്‍റെ കഷ്‌ടപ്പാടുകളെയാണ് അടയാളപ്പെടുത്തുന്നത്.
തിരുവനന്തപുരത്ത് പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിലേക്കുള്ള കുരിശ് പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പാളയം സെന്‍റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ നിന്ന് രാവിലെ ആരംഭിച്ച യാത്രയില്‍ തിരുവനന്തപുരം പാർലമെന്‍റ് അംഗം ശശി തരൂർ പങ്കെടുത്തു. യേശുക്രിസ്‌തുവിൻ്റെ കുരിശുമരണത്തെ ചിത്രീകരിക്കുന്ന മരക്കുരിശുകൾ ചുമന്നാണ് സെൻ്റ് ജോസഫ് കത്തീഡ്രലിൽ ഭക്തർ പ്രദക്ഷിണം ചെയ്‌തത്.
ഉയിർത്തെഴുന്നേൽപ്പിന്‍റെ ഈസ്‌റ്റർ ഞായറാഴ്‌ചയിലേക്കുള്ള കൗണ്ട്ഡൗൺ അടയാളപ്പെടുത്തുന്ന ദിവസം കൂടിയാണ് ദുഃഖവെള്ളി. സംസ്ഥാനത്തുടനീളം പള്ളികളിൽ ദുഃഖവെള്ളി ശുശ്രൂഷകൾ നടന്നു. ദേശീയ തലസ്ഥാനത്തും ഭക്തർ പ്രാർത്ഥനകളില്‍ ഏര്‍പ്പെട്ടു. സിബിസിഐ സെൻ്റര്‍, കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ - ഡൽഹി ആസ്ഥാനം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ ഗുഡ് ഫ്രൈഡേയുടെ പ്രാധാന്യം വ്യക്തമാക്കി.
ദുഃഖവെള്ളിയാഴ്‌ചയില്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ യേശുക്രിസ്‌തുവിൻ്റെ പീഡസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ഓർക്കുന്നുവെന്ന് സിബിസിഐ സെൻ്ററിലെ ഫാദർ ജോളി പറഞ്ഞു. ദുഃഖവെള്ളി ആചരിക്കുന്നതിലൂടെ, നാം നമ്മെത്തന്നെയും നമ്മുടെ വീട്ടുകാരെയും വിശുദ്ധീകരിക്കുകയും ഹൃദയങ്ങളെയും മനസ്സിനെയും ശുദ്ധീകരിക്കുകയും ക്രിസ്‌തുവിൻ്റെ ജീവിതവുമായി നമ്മുടേതിനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നുവെന്ന് ഫാദർ വിശദീകരിച്ചു.
യേശു ലോകത്തെ തൻ്റെ പിതാവിനോട് അനുരഞ്ജിപ്പിച്ചത് പോലെ, മനുഷ്യരാശിക്ക് പരസ്‌പരം കൈകോർക്കാനും ലോകത്തിലെ മാനവിക സാഹോദര്യത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള ദിനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുഃഖ വെള്ളിയാഴ്‌ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. മാംസാഹാരം പൂർണമായും ഒഴിവാക്കി സസ്യാഹാരമാണ് ഉള്‍പ്പെടുത്തുക. ഈ ദിനത്തിൽ ക്രിസ്‌തുവിൻ്റെ പീഡസഹനങ്ങൾ ഓർക്കുകയും കുരിശിനെ വണങ്ങുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യേശുവിനെ റോമാക്കാർ ക്രൂശിച്ച ദിവസമാണ് ഗുഡ് ഫ്രൈഡേ ആയി ആചരിക്കുന്നത്. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ ഈ ദിവസത്തെ യവന സഭ എന്നുമാണ് പറയുന്നത്. യേശുവിന്‍റെ ശിഷ്യനായ യൂദാസ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തതാണ് റോമാക്കാർ ക്രിസ്‌തുദേവനം പിടികൂടുന്നതിലേക്ക് നയിച്ചത്.
അക്കാലത്തെ റോമൻ പ്രവിശ്യയായ യഹൂദ്യയുടെ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസ് യേശുവിനെ വധിക്കാൻ ഉത്തരവിട്ടു. ജറുസലേമിലെ കാൽവരി എന്നറിയപ്പെടുന്ന ക്രൂശീകരണ സ്ഥലത്തേക്ക് കുരിശ് വഹിക്കാൻ അവർ യേശുവിനെ പ്രേരിപ്പിച്ചു. യേശുവിനെ കുരിശിലേറ്റിയതിന്‍റെ മൂന്നാം ദിവസം യേശു ഉയിർത്തെഴുന്നേറ്റു. ആ ദിവസം ക്രൈസ്‌തവർ ഈസ്‌റ്റർ ദിനമായി ആചരിക്കുകയും ചെയ്യുന്നു.