വയനാട് : രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 5 മാസം പൂർത്തിയാവുകയാണ്. ഇരമ്പിയെത്തിയ ഉരുൾ ആ രാത്രി തകർന്നത് നമ്മുടെയൊക്കെ ഹൃദയം കൂടിയാണ്. അതിഭീകര ദുരന്തമുഖത്ത് കൈനീട്ടിയവരെയെല്ലാം ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവന്ന് ഒടുവിൽ ഉരുളിന് കീഴ്‌പ്പെട്ട പ്രജീഷിനെപ്പോലെ, ദുരന്തവിവരം ലോകത്തെ ആദ്യം അറിയിച്ച് ഉരുളിനൊപ്പം ചെളിയിൽ പുതഞ്ഞ് ഒഴുകി പോയ നീതുവിനെപ്പോലെ, നൊമ്പരപ്പെടുത്തുന്ന ഓർമകൾ ഏറെയാണ്.
ദുരന്തം നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം ബാക്കിയാണ്. ദുരന്തത്തെ അതിജീവിച്ചവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ തന്നെയാണ് നാല് മാസം തികയുമ്പോഴും വയനാട്ടിൽ നിന്ന് ഉയർന്ന് കേൾക്കുന്നത്. ഈ സഹചര്യത്തിലാണ് നസീർ ആലക്കലിന്‍റെ നേതൃത്വത്തിൽ ചൂരൽമലക്കാർ ജനശബ്‌ദം എന്ന കൂട്ടായ്‌മ രൂപീകരിച്ചത്.
ഉരുളെടുത്ത രാത്രിയുടെ ഓർമയിൽ നസീർ : 'ജൂലൈ 30ന് പുലർച്ചെ 1 മണിക്ക് ഭയാനകമായൊരു ശബ്‌ദമാണ് ഞാനടക്കമുള്ള നാട്ടുകാർ ആദ്യം കേട്ടത്. നിമിഷങ്ങൾക്കകം മൂന്ന് കിലോമീറ്റർ വനമേഖലയത്രയും കടന്നെത്തിയ ഉരുൾ ആദ്യം തുടച്ചെറിഞ്ഞ ജനവാസ മേഖല പുഞ്ചിരിമട്ടമാണ്. മലവെള്ളവും, മരങ്ങളും പാറക്കെട്ടുകളും കുതിച്ചൊഴുകിയെത്തിയപ്പോൾ എന്‍റെ നാട് അപ്പാടെ ഇല്ലാതായി, പുഞ്ചിരിമട്ടം സങ്കടനിരപ്പായി' നസീർ പറയുന്നു.
നിമിഷങ്ങൾക്കകം ഉരുൾ മുണ്ടക്കൈയിലെത്തി, ആർത്തലച്ചിലുകളായിരുന്നു ചുറ്റും. പുലർച്ചെ 4.10 ഓടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്തി രണ്ടാമതും ഉരുൾപൊട്ടി. കാവലാകുമെന്ന് കരുതിയ പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി. മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിലെത്തി.
നൂറുകണക്കിന് മനുഷ്യരും തലമുറകളുടെ അധ്വാനത്തിൽ കെട്ടിപ്പടുത്ത തേയില താഴ്വാരത്തിൻ്റെ മേൽവിലാസവും ചോര കലർന്ന ചുവന്ന മണ്ണിന്‍റെ നിറത്തിൽ താഴേക്ക് പതിച്ചു. ദൂരെ, അങ്ങ് ദൂരെ, ചാലിയാർ സങ്കടക്കടലായി.
രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തത്തെയായിരുന്നു അന്ന് തങ്ങൾക്ക് അതിജീവിക്കേണ്ടി വന്നതെന്ന് നസീർ വ്യക്തമാക്കി. ഏതാണ്ട് 400ൽ ഏറെപ്പേരാണ് ദുരന്തത്തിൽ മരിച്ചത്. 47ഓളം പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഏതാണ്ട് മൂവായിരത്തോളം പേരുടെ ജീവിതത്തെയാണ് ദുരന്തം അക്ഷരാർഥത്തിൽ തകർത്തെറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'പ്രിയപ്പെട്ടവരും ജീവിതസമ്പാദ്യവുമെല്ലാം നഷ്‌ടപ്പെട്ട്, ഒരു ജനത ഒരു ദിവസം കൊണ്ടാണ് അവരുടെ മണ്ണിൽ നിന്നും തൂത്തെറിയപ്പെട്ടത്. ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം സ്വന്തമായുണ്ടായിരുന്നതെല്ലാം ഞങ്ങൾക്ക് നഷ്‌ടപ്പെട്ടു. ദുരന്തം നടന്നതിന് പിന്നാലെ ഞങ്ങളെ ചേർത്തുപിടിക്കാൻ സർക്കാരും സമൂഹവും ഉപാധികളില്ലാതെ മുന്നോട്ടു വന്നിരുന്നു.
എല്ലാം നഷ്‌ടപ്പെട്ട ഒരു ജനതയ്ക്ക് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്‍റെയും പുതുജീവൻ പകരുന്ന പ്രഖ്യാപനങ്ങളും ആശ്വാസ നടപടികളും ആ ഘട്ടത്തിൽ ഉണ്ടായി. പക്ഷെ ഇപ്പോഴും ദുരന്ത ബാധിതർക്ക് ആവിശ്യമായതൊന്നും ലഭ്യമായില്ലെന്നതാണ് സത്യം.
പുനരധിവാസം എങ്ങുമെത്താതെ നിൽക്കുമ്പോൾ കേരളം കേന്ദ്രത്തെയും, കേന്ദ്രം കേരളത്തെയും കുറ്റപ്പെടുത്തുകയാണ്. കോടതിയിൽ ഇരു സർക്കാരുകളും വാദ പ്രതിവാദങ്ങൾ ഉന്നയിക്കുമ്പോൾ ദുരന്തബാധിതർ ഇപ്പോഴും ഇരകളായി തുടരുകയാണെന്ന് ചൂരൽമലക്കാർ രൂപീകരിച്ച ജനശബ്‌ദം എന്ന ആക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ നസീർ ആലക്കൽ അറിയിച്ചു.
ജനശബ്‌ദം എന്ന ആക്ഷൻ കമ്മിറ്റി : മുണ്ടക്കൈ സ്വദേശിയായ നസീർ ദുരന്ത ബാധിതനാണ്. നസീറിന്‍റെ കുടുംബത്തിൽ നിന്ന് നിരവധി പേര്‍ മണ്ണിലമർന്നിട്ടുണ്ട്. തുടക്കത്തിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ തങ്ങൾ തൃപ്‌തരായിരുന്നെന്ന് നസീർ പറഞ്ഞു. എന്നാൽ സർക്കാരിന് വീഴ്‌ച വന്നപ്പോഴാണ് തങ്ങൾ ദുരിത ബാധിതർ ചേർന്ന് ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്നും, അതിന് ജനശബ്‌ദം എന്ന് പേരിട്ടതെന്നും നസീർ കൂട്ടിച്ചേർത്തു.
ഈ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാണിച്ചിരുന്നെങ്കിൽ ഒരിക്കലും ജനശബ്‌ദത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടികളും തങ്ങൾ ദുരിതബാധിതർക്ക് വേണ്ടി ആത്മാർഥത കാണിച്ചില്ല.
കോൺഗ്രസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ചെയ്യുന്നു, സിപിഎം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നു, ബിജെപി കേരളത്തിനെതിരെയും, പഞ്ചായത്തിനെതിരെയും സമരം ചെയ്യുന്നു. എല്ലാവരും അവരവരുടെ രാഷ്ട്രീയം നോക്കിയാണ് സമരം ചെയ്യുന്നത്. തങ്ങൾക്കതിൽ വിഷമമുണ്ട്. അതിനാലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്ന് നസീർ വ്യക്തമാക്കി.
പല രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പുകൾക്കിടയിലും ചൂരൽമല, മുണ്ടക്കൈ, മേപ്പാടി പഞ്ചായത്തിലെ സാമൂഹ്യ പ്രവർത്തകർ എന്നിവരെയൊക്കെ ഉൾപ്പെടുത്തി ഏകദേശം 1700 ഓളം പേര്‍ ഇപ്പോൾ ഈ കമ്മിറ്റിയിലുണ്ട്.
നിലവിൽ രണ്ട് ആക്ഷൻ കമ്മിറ്റികളാണ് ദുരിതബാധിതർക്കായി ഉള്ളത്. തങ്ങൾക്കിടയിൽ ഐക്യമില്ലായ്‌മ ഉണ്ടെന്ന് രാഷ്ട്രീയക്കാർ പ്രചരിപ്പിക്കുന്നുണ്ട്. യഥാർഥത്തിൽ അങ്ങനെയല്ല തങ്ങളെല്ലാം ഐക്യത്തിലാണെന്നും നസീർ പറഞ്ഞു.
മുണ്ടക്കൈയുടെ സാഹോദര്യ ഓർമകൾ : 'ഒരൊറ്റ രാത്രികൊണ്ട് എല്ലാം നഷ്‌ടമായവരാണ് ഞാനടക്കമുള്ളവർ, ജാതിമത വേർതിരിവില്ലാതെ മണ്ണിലമർന്നവർ. ഞാൻ മഹല്ല് സെക്രട്ടറിയായിരുന്ന സമയത്ത് പോലും ചൂരൽമല അമ്പലത്തിൽ ഉത്സവത്തിന് പോകാറുണ്ടെ'ന്ന് നസീർ ഓർമിക്കുന്നു. 'അവിടെ അന്നദാനത്തിന് പോകാറുണ്ട്, പിരിവ് നൽകാറുണ്ട്.
അതുപോലെ തന്നെ നാട്ടിലെ മദ്രസ ഉണ്ടാക്കിയത് ജാതിമത വേർതിരിവില്ലാതെ എല്ലാവരും കൂടിയാണ്. ഞങ്ങളൊക്കെ സഹോദരന്മാരായിരുന്നു. പരസ്‌പരം ഐക്യത്തോടെ ഒരുമിച്ച് എല്ലാവരുടെയും മതാചാര പരിപാടികൾ ഒരുമിച്ച് ആഘോഷിക്കുന്നവർ.
നാടിന്‍റെ പൊതുപരിപാടിയെന്ന തരത്തിലാണ് വെള്ളാർമല സ്‌കൂളുമായി ബന്ധപ്പെട്ട ആഘോഷം. ഒരുപക്ഷെ ദൈവത്തിന് തന്നെ തങ്ങളോട് അസൂയ തോന്നിയത് കൊണ്ടാകാം തങ്ങളുടെ ഉറ്റവരെ പലരെയും മതമോ ജാതിയോ നോക്കാതെ ഒന്നിച്ച് വിളിച്ചതെ'ന്നും നസീർ പറയുന്നു.
കടം എഴുതിത്തള്ളാൻ വൈകുന്നതെന്ത്? : 'ആ രാത്രിയെ കുറിച്ചുള്ള പേടിപ്പിക്കുന്ന ഓർമയാണ് ഞങ്ങൾക്കിപ്പോഴും. കുടുംബത്തിലെ പലരെയും ഉരുളെടുത്തു. വീടും വീടിനോട് ചേർന്നുള്ള സ്ഥലങ്ങളും എല്ലാം നഷ്‌ടപ്പെട്ടു. മനസിനാകെ ഒരു മരവിപ്പാണ്. കരകയറാൻ മുന്നിൽ ഒരു വഴിയും കാണുന്നില്ല. ആകെ മൊത്തം ശൂന്യതയാണ്.
പുനരധിവാസമായിട്ടില്ല, ആർക്കും ഉയിർത്തെണീക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് ബാങ്കുകാരുടെ ശല്യം. ദുരിതബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്ന് സർക്കാർ പറഞ്ഞിട്ടും ബാങ്കുകൾ ഇതുവരെ അതിന് തയാറായിട്ടില്ല.
ഇസാഫ് ബാങ്ക്, ഭാരത് ഫിനാൻസ്, കേരള ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് ഞാൻ ലോണെടുത്തത്. ചെറിയ തുകകളാണ് ലോണായി എടുത്തത്. അത് എഴുതിത്തള്ളാനുള്ള തീരുമാനം മുകളിൽ നിന്ന് വന്നിട്ടില്ലെന്നാണ് ഈ ബാങ്കുകളെല്ലാം പറയുന്നത്.
ജീവൻ മാത്രം ബാക്കിയായ ഞങ്ങളെങ്ങനെ ഈ കടം വീട്ടും. ഇങ്ങനെ ഒരുപാട് പേരുണ്ടിവിടെ. മൂന്ന് മാസമായിട്ടും അതിജീവിക്കാനുള്ള ഒരു സാധ്യതയും മുന്നിൽ തെളിയാത്തവർ. അവിടേക്കാണ് ഈ ബാങ്കുകൾ കടങ്ങളുടെ കണക്കുമായി കടന്നുവരുന്നത് നസീർ വ്യക്തമാക്കി.
മുഴുവൻ ആളുകളെയും ദുരന്തബാധിതരായി കണക്കാക്കണം : ദുരിതബാധിതരുടെ പുനരധിവാസം തടസങ്ങൾ നീക്കി എത്രയും വേഗം നടപ്പാക്കണമെന്ന് നസീർ പറഞ്ഞു. പുഞ്ചിരിമട്ടം മുതൽ ഹൈസ്‌കൂൾ റോഡ്, പുതിയ വില്ലേജ് റോഡ് മുതലായ സ്ഥലങ്ങളിലെ എല്ലാം നഷ്‌ടമായവരെ പ്രഥമ പരിഗണനപ്പട്ടികയിൽ ഉൾപ്പെടുത്തണം. ദുരന്തം ബാധിച്ച 10, 11, 12 വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി സർക്കാർ കണക്കാക്കണം. പുനരധിവാസം ഇനിയും വൈകിയാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നസീർ വ്യക്തമാക്കി.
Also Read: വയനാട് പുനരധിവാസം; പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് കലക്‌ടര്‍