ആലപ്പുഴ: പ്രൊഫഷണൽ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തിൽ കോടികൾ തട്ടിയ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്‌ടറി ജോലി തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്‌റ്റിൽ. മുഹമ്മദ് ആഷിഖ് (51) എന്നയാളാണ് അറസ്‌റ്റിലായത്. ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തിൽ വിദഗ്‌ധ സ്ക്വാഡിനെ നിയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
2022 ഓഗസ്‌റ്റ് മാസം മുതൽ 2022 നവംബർ മാസം വരെ ഉള്ള കാലയളവിൽ ആലപ്പുഴ ജില്ലയിലാണ് തട്ടിപ്പിന് ആസ്‌പദമായിട്ടുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. താൻ മാനേജിങ് ഡയറക്‌ടർ ആയിട്ടുള്ള വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്‌ടറിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി വാഗ്‌ദാനം ചെയ്‌ത് ഓഫർ ലെറ്റർ നൽകിയശേഷം ഉദ്യോഗാർത്ഥികളിൽ നിന്ന് പണം കൈപ്പറ്റി ഇവരെ വിദേശത്ത് എത്തിച്ച ശേഷം ജോലി നൽകാതെ മടക്കി അയച്ചു വഞ്ചിക്കുകയായിരുന്നു ഇയാളുടെ രീതി. ഈ കാലയളവിൽ ആലപ്പുഴ ജില്ലയിൽ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത്.
അമീർ മുസ്‌തഫ എന്ന വ്യാജ പേര് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വിദേശ നമ്പറിലുള്ള വാട്‌സാപ്പ് വഴി പരിചയപ്പെടുന്ന പ്രതി താൻ കമ്പനിയുടെ മാനേജിങ് ഡയറക്‌ട ർ ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഉദ്യോഗാർത്ഥികളുടെ വിശ്വാസം കയ്യിലെടുക്കാറായിരുന്ന് പതിവ്. ഇതിനായി പ്രതി വിദേശ സിം കൈവശം സൂക്ഷിച്ചിരുന്നു. ജസ്‌റ്റ് ഡയൽ പോലുള്ള ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റ് വിദഗ്‌ധരുടെ ഫോൺ നമ്പർ കൈവശപ്പെടുത്തി പരിചയം സ്ഥാപിച്ച ശേഷം അവരുടെ സഹായത്തോടെ ഫാക്‌ടറിയുടെതെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കി വ്യാജ വിലാസവും ഫോൺ നമ്പറുകളും നൽകിയും, ഫേസ്ബുക്ക് പേജുകൾ ക്രിയേറ്റ് ചെയ്‌തും, ഗൂഗിൾ മാപ്പുകളിൽ ലൊക്കേഷൻ ആഡ് ചെയ്‌ത് റിവ്യൂ ചെയ്‌തും പ്രതി ഉദ്യോഗാർഥികൾക്കിടയിൽ വിശ്വാസ്യത നേടിയിരുന്നു.