കേരളം

kerala

ETV Bharat / state

മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ച ഗോപാലകൃഷ്‌ണനും മേലുദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിച്ച പ്രശാന്തിനുമെതിരെ നടപടി വരും; ശുപാര്‍ശ ചെയ്‌ത് ചീഫ് സെക്രട്ടറി - KERALA IAS ROW

ഇരുവരും നടത്തിയത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമെന്ന് കണ്ടെത്തൽ. വ്യാജ പരാതി നല്‍കി അന്വേഷണം വഴി തിരിക്കാന്‍ ഗോപാലകൃഷ്‌ണന്‍ ശ്രമിച്ചുവെന്നും റിപ്പോർട്ട്.

MALLU HINDU OFFICERS GROUP ISSUE  CHIEF SECRETARY REPORT AGAINST IAS  PRASHANTH N IAS FB POST  LATEST MALAYALAM NEWS
N Prashanth IAS, K Gopalakrishnan (ETV Bharat)

By ETV Bharat Kerala Team

Published : Nov 11, 2024, 1:40 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍റെ റിപ്പോര്‍ട്ട്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് എന്ന പേരില്‍ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചതാണ് വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാല കൃഷ്‌ണനെതിരെ ഉയർന്ന പരാതി.

ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം തേടിയപ്പോള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ ആരോ ഹാക്കു ചെയ്യുകയായിരുന്നു എന്നായിരുന്നു ഗോപാലകൃഷ്‌ണന്‍റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഗോപാലകൃഷ്‌ണന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു തെളിഞ്ഞു.

ഇതോടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരണത്തിനു പിന്നില്‍ ഗോപാലകൃഷ്‌ണന്‍ തന്നെയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്‌പര്‍ജന്‍ കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ട് പൊലീസ് മേധാവി സര്‍ക്കാരിനു കൈമാറി. മാതൃഭൂമി ദിനപത്രത്തില്‍ തനിക്കെതിരെ വന്ന ഒരു വാര്‍ത്തയ്ക്കു പിന്നില്‍ തന്‍റെ മേലുദ്യോഗസ്ഥനും സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. എ ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് പരസ്യമായി ഫേസ്ബുക്ക് പോസ്‌റ്റിട്ടിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉടന്‍ ചീഫ് സെക്രട്ടറിയാകാന്‍ പോകുന്നയാളാണ് ജയതിലകെന്നും അതിനാല്‍ എല്ലാവരും ഭയപ്പെടണമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ പരിഹസിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളെ കുറിച്ചും അന്വേഷിച്ച ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഇരുവരും നടത്തിയത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കി.

മാത്രമല്ല, ഗോപാലകൃഷ്‌ണന്‍ വ്യാജ പരാതി നല്‍കി അന്വേഷണം വഴി തിരിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. നേരത്തെ തിരുവനന്തപുരം, മലപ്പുറം ജില്ലാ കലക്‌ടറായി ഗോപാലകൃഷ്‌ണന്‍ ചുമതല വഹിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച ശേഷം ഇതു ചൂണ്ടിക്കാട്ടി ഗോപാലകൃഷ്‌ണന്‍ കേന്ദ്ര ഡെപ്യൂട്ടേഷനു ശ്രമിച്ചതായും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പ്രശാന്ത് കോഴിക്കോട് ജില്ലാ കലക്‌ടറായിരിക്കെ ജനകീയനായ കലക്‌ടര്‍ എന്ന ഖ്യാതി നേടുകയും നാട്ടുകാര്‍ കലക്‌ടര്‍ ബ്രോ എന്ന വിളിപ്പേരിട്ട് സ്‌നേഹത്തോടെ സംബോധന ചെയ്യുകയും ചെയ്‌തിരുന്നു. അതിനിടെ ജയതിലകിനെ പരിഹസിച്ച് പ്രശാന്ത് ഇന്നും ഫേസ് ബുക്കില്‍ കുറിപ്പിട്ടു.

Also Read:'കര്‍ഷകനാണ്, കള പറിക്കാനിറങ്ങിയതാ'; ഒളിയമ്പുമായി എന്‍ പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്

ABOUT THE AUTHOR

...view details