തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിൻ്റെ വികസന കാര്യങ്ങളെക്കുറിച്ച് അതിരില്ലാത്ത ഭാവനയുള്ളവരാണ് ആ മണ്ഡലത്തിലെ എംഎല്‍എമാര്‍. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലും സബ്‌മിഷനിലും എംഎല്‍എമാര്‍ക്ക് തങ്ങളുടെ മണ്ഡലത്തോടുള്ള ഇത്തരം മമത പ്രത്യേകം പ്രകടമാകുന്നത് സഭയിലെ പുതിയ കാര്യവുമല്ല. എംഎല്‍എമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണിക്കാമെന്നോ പരഗിണിക്കാനിവല്ലെന്നോ ഉള്ള മറുപടിയാകും മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും നല്‍കാറുണ്ടാകുക.
എന്നാല്‍ അതിന് തികച്ചും കടക വിരുദ്ധമായ ഒരു കാര്യമാണ് ഇന്ന് ഒരു ശ്രദ്ധക്ഷണിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടായത്. തിരൂര്‍ ആസ്ഥാനമായി മെട്രോ റെയില്‍ ആരംഭിക്കുന്നതിനുള്ള സര്‍വ്വേ വേണമെന്ന് സ്ഥലം എംഎല്‍എ കുറുക്കോളി മൊയ്‌തീന്‍ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെ ക്രുദ്ധനാക്കി. ഒരംഗത്തിന് ഏത് കാര്യവും ഉന്നയിക്കാന്‍ അവകാശമുണ്ട് എന്നതിനോട് യോജിക്കാം എന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്.
കുറുക്കോളി മൊയ്‌തീന്‍ എംഎല്‍എ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംസാരിക്കുന്നു. (ETV Bharat) പക്ഷേ ഇതൊക്കെ വേണോ എന്നത് അങ്ങും(സ്‌പീക്കര്‍) നിയമസഭ സെക്രട്ടേറിയറ്റും ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിനോട് അൽപം നീരസത്തോടെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇത്രയും അപ്രധാനമായ ഒരു വിഷയത്തെ ശ്രദ്ധ ക്ഷണിക്കലിൻ്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിൻ്റെ നീരസം മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍ വ്യക്തമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്ത ദശാബ്‌ദമൊന്നും ഈ ഗവണ്‍മെൻ്റല്ല, നാളെ ഒരു പക്ഷേ മറ്റൊരു ഗവണ്‍മെൻ്റ് വന്നാലും നടപ്പാക്കാന്‍ സാധ്യതയില്ലാത്ത ഒരു മെട്രോ റെയിലിനെ കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിൻ്റെ ആലോചനയില്‍ ഇല്ലാത്ത വിഷയമാണിതെന്ന് കൂടി കൂട്ടിച്ചേര്‍ത്ത് കുറുക്കോളി മൊയ്‌തീനെ മുഖ്യമന്ത്രി തീര്‍ത്തും നിരാശപ്പെടുത്തി. തിരൂര്‍ റെയില്‍വേ സ്‌റ്റേഷൻ്റെ ചരിത്ര പ്രധാന്യം വ്യക്തമാക്കി കൊണ്ടാണ് കുറുക്കോളി മൊയ്‌തീന്‍ തൻ്റെ ശ്രദ്ധ ക്ഷണിക്കലിന് തുടക്കമിട്ടത്.
വാഹനപ്പെരുപ്പവും യാത്രക്കാരാലുണ്ടായ തിരക്കും കണക്കിലെടുത്ത് റെയില്‍ഗതാഗതത്തിന് പ്രാധാന്യം നല്‍കേണ്ടതിൻ്റെ ആവശ്യം ചൂണ്ടിക്കാട്ടി സൂത്രത്തില്‍ മൊയ്‌തീന്‍ തൻ്റെ ആവശ്യത്തിലേക്ക് കടന്നു. തിരൂര്‍ ആസ്ഥാനമായി മെട്രോ റെയില്‍ സ്ഥാപിക്കണം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സര്‍വ്വേയാണ് തിരൂര്‍ - ഇടപ്പള്ളി റെയില്‍വെ ലൈന്‍ അതും ഒന്നുമാകാതെ കിടക്കുന്നു. തിരുനാവായയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള ലൈനും ഒന്നുമാകാതെ കിടക്കുന്നു. തെക്കോട്ടും വടക്കോട്ടും ഈ രണ്ട് പാതകള്‍ നിര്‍മിച്ച് തിരൂരില്‍ നിന്നുള്ള മെട്രോ ലൈന്‍ വഴി ഈ രണ്ട് പാതകളെയും ബന്ധിപ്പിക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്കുള്ള റെയില്‍വേ ദൂരം ഇപ്പോഴുള്ളതിൻ്റെ നേര്‍ പകുതിയായി ചുരുങ്ങും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ 961 കിലോമീറ്റര്‍ റെയില്‍വെ വഴി യാത്ര ചെയ്‌താലേ തിരുവനന്തപുരത്ത് നിന്ന് നമുക്ക് മൈസൂരിലെത്താന്‍ സാധിക്കുകയുള്ളൂ. ഇത് പകുതിയായി കുറയ്ക്കാനാകും. കാസര്‍കോട്ട് നിന്ന് മൈസൂരിലെത്താന്‍ 503 കിലോമീറ്ററാണ് ഇപ്പോള്‍ റെയില്‍വെ ദൂരം. ഈ പാത യാഥാര്‍ഥ്യമായാല്‍ കാസര്‍കോട് നിന്ന് മൈസൂരുവിലേക്കുള്ള ദൂരം 100 കിലോമീറ്റര്‍ ലാഭിക്കാന്‍ കഴിയും. ഇത് ജനവാസം കുറഞ്ഞ മേഖലകളിലൂടെ രണ്ട് ഭാഗത്തേക്കും കൊണ്ടു പോകാന്‍ നമുക്ക് സാധിച്ചാല്‍ ചെലവും ദൂരവും കുറയ്ക്കാം. ഇക്കാര്യത്തില്‍ ഒരു സര്‍വ്വേയ്ക്ക് കേന്ദ്രത്തോടാവശ്യപ്പെടണം.
ഇത്രയും ആതമാര്‍ഥമായി സ്വന്തം മണ്ഡലത്തിൻ്റെ വികസന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വഴി തേടിയ സ്ഥലം എംഎല്‍എയ്ക്കാണ് മുഖ്യമന്ത്രിയില്‍ നിന്ന് മുഖമടച്ച മറുപടി കിട്ടിയത്. ഒപ്പം ഈ വിഷയത്തെ ശ്രദ്ധ ക്ഷണിക്കലിൻ്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിയമസഭ സെക്രട്ടേറിയറ്റിനും കിട്ടി മുഖ്യമന്ത്രിയില്‍ നിന്ന് പരസ്യ ശകാരം.
Also Read:'വനം ബിൽ പിൻവലിച്ചു, മാത്യു എന്താണ് വിളിച്ചു പറയുന്നത്?'; അടിയന്തര പ്രമേയത്തിൽ മാത്യു കുഴൽനാടന് സ്‌പീക്കറുടെ താക്കീത്