കേരളം

kerala

ETV Bharat / state

കേന്ദ്ര ബജറ്റിൻ്റെ തുടർച്ചയാണ് സംസ്ഥാന ബജറ്റും, മത്സ്യബന്ധന മേഖലയെ പരിഗണിച്ചില്ല; ചാൾസ് ജോർജ് - മത്സ്യബന്ധന മേഖലയെ പരിഗണിച്ചില്ല

മത്സ്യതൊഴിലാളികളുടെ ജീവിതത്തെ സ്‌പര്‍ശിക്കുന്ന ഒന്നും സംസ്ഥാന ബജറ്റിൽ ഇല്ലെന്ന്‌ ചാൾസ് ജോർജ്

Charles George about Kerala budget  Kerala budget 2024 fisheries sector  മത്സ്യബന്ധന മേഖലയെ പരിഗണിച്ചില്ല  ചാൾസ് ജോർജ് സംസ്ഥാന ബജറ്റ്
Charles George about Kerala budget

By ETV Bharat Kerala Team

Published : Feb 5, 2024, 7:57 PM IST

മത്സ്യബന്ധന മേഖലയെ പരിഗണിച്ചില്ല, ചാൾസ് ജോർജ്

എറണാകുളം: സംസ്ഥാന ബജറ്റ് നിരാശാ ജനകമെന്ന് മത്സ്യ തൊഴിലാളി ഐക്യവേദി. സംസ്ഥാന ധനമന്ത്രി കെ എൻ ബാല ഗോപാൽ അവതരിപ്പിച്ച ബജറ്റ് അങ്ങേയറ്റം ദുഃഖകരമായ ഒന്നാണെന്ന് മത്സ്യ തൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡൻ്റ്‌ ചാൾസ് ജോർജ് പറഞ്ഞു.

തങ്ങളുമായി ബജറ്റിന് മുമ്പ് ഒരു ചർച്ചയും നടത്തിയിട്ടില്ല. സംസ്ഥാന ഫിഷിറീസ് മാനേജ്മെൻ്റ് കൗൺസിൽ വിളിച്ച് ചേർത്തിട്ടില്ല. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലന്നും ചാൾസ് ജോർജ് കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റിൻ്റെ തുടർച്ചയാണ് സംസ്ഥാന ബജറ്റിലും കാണുന്നത്. കേന്ദ്ര നയങ്ങൾക്ക് ബദലാകുന്ന പ്രഖ്യാപനത്തിൽ ഒരു ബദലുമില്ല. ഉൾ നാടൻ മേഖലയിൽ 180 കോടി നീക്കിവെച്ചിരിക്കുന്നത് അക്വാ കൾച്ചർ മേഖലയ്ക്ക് വേണ്ടിയാണ്. പുതുതായി ഒരു തൊഴിലും സൃഷ്ട്ടിക്കപ്പെടില്ല.

ഇത് മത്സ്യബന്ധ മേഖലയ്ക്ക് ഉണർവ് നൽകുന്നില്ലെന്ന് മാത്രമല്ല കേരളത്തിലെ പരിസ്ഥിതി നിയമങ്ങളെയും, നെൽവയൽ സംരക്ഷണ നിയമത്തെയും അട്ടിമറിച്ച് ഈ മേഖലയിലെ ഉത്‌പാദന വർധനവിനെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ചാൾസ് ജോർജ് ചൂണ്ടിക്കാണിച്ചു. കൊച്ചിയിലെ കാളമുക്ക് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തങ്ങൾ ആവശ്യപ്പെട്ടിട്ടും ഇതിന് വേണ്ടി ഒരു പൈസ പോലും ബജറ്റിൽ നീക്കിവെച്ചിട്ടില്ല.

സംസ്ഥാന സർക്കാർ ആഴക്കടൽ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന കുത്തക വൽക്കരണത്തിനെതിരെ ഒരു ബദൽ സൃഷ്ട്ടിക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കോർപ്പറേറ്റുകൾക്ക് പകരം കോ ഓപ്പറേറ്റീവുകളെ ശക്തിപ്പെടുത്തുമെന്ന് പറയുമ്പോഴും അതിന് വേണ്ടിയും പൈസയൊന്നും നീക്കിവെച്ചിട്ടില്ലന്നും ചാൾസ് ചൂണ്ടിക്കാണിച്ചു. പത്ത് ലക്ഷത്തോളം വരുന്ന മത്സ്യതൊഴിലാളികളുടെ ജീവിതത്തെ സ്‌പര്‍ശിക്കുന്ന ഒന്നും സംസ്ഥാന ബജറ്റിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാലകാലങ്ങളിൽ മത്സ്യബന്ധന മേഖല ഉന്നയിക്കുന്ന കാര്യങ്ങളൊന്നും പരിഗണിക്കപ്പെടാത്തത് പ്രതിഷേധാർഹമാണ്. മത്സ്യ തൊഴിലാളി വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നത് കേന്ദ്രമായാലും കേരളമായാലും ശക്തമായി യോജിച്ച് സമരം സംഘടിപ്പിക്കും. കേന്ദ്രത്തിൻ്റെ ബ്ലൂ എക്കണോമി നയം ചെറുക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ എല്ലാ മേഖലയിലും ഇതേ നയം നടപ്പാക്കുകയാണ്.

പുനർ ഗേഹം പദ്ധതിയിലൂടെ മത്സ്യ തൊഴിലാളികളെ തീര പ്രദേശത്തു നിന്നും മാറ്റി അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഇതുപോലെയാണ് തീരദേശ ഹൈവേയും നടപ്പിലാക്കുക. മത്സ്യ തൊഴിലാളി സഹായമായ ഒന്നും ബജറ്റിലില്ലാത്തത് പ്രതിഷേധാർഗമാണെന്നും ചാൾസ് ജോർജ് പറഞ്ഞു.

ABOUT THE AUTHOR

...view details