തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് കേരളത്തിൽ നിന്നുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം. കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിലാണ് പുനഃക്രമീകരണം. ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കുകയും മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കുകയും ചെയ്‌തു.
ഇന്ന് (ജൂലൈ 31) രാവിലെ 05.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസ്, 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെടുക. കന്യാകുമാരിയില്‍ നിന്ന് മംഗളൂരു സെൻട്രൽ വരെ പോകുന്ന 16650 പരശുറാം എക്‌സ്‌പ്രസ് ഭാഗികമായി റദ്ദ് ചെയ്‌തു. കന്യാകുമാരിയിൽ നിന്ന് ഇന്ന് പുലര്‍ച്ചെ 03.45ന് പുറപ്പെടേണ്ട ട്രെയിൻ, കന്യാകുമാരി മുതൽ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി. പതിവ് ഷെഡ്യൂൾ പ്രകാരം ഷൊർണൂരിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുകയെന്നും റെയിൽവേ അറിയിച്ചു.