എറണാകുളം:കേന്ദ്ര സർക്കാറിനും യുജിസിക്കുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാറുകളെ മാനിക്കാൻ കേന്ദ്രവും യുജിസിയും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യുജിസിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"അധ്യാപക നിയമനങ്ങൾക്കോ സമാനമായ കാര്യങ്ങൾക്കോ മിനിമം യോഗ്യതകൾ സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. അത്തരം നിയന്ത്രണങ്ങൾ ഞങ്ങൾ പൂർണമായും പാലിക്കുന്നു. കേന്ദ്ര സർക്കാരും യുജിസിയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സമീപനം സ്വീകരിക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ യുജിസി നിയന്ത്രണങ്ങളാണ് ഇതിന് ഒരു പ്രധാന ഉദാഹരണം." -മുഖ്യമന്ത്രി
വിശ്വാസ്യത നഷ്‌ടമാക്കുന്ന സ്വകാര്യ സർവകലാശലകൾ
യുജിസി ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യുജിസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.