തിരുവനന്തപുരം:വയനാട് പുനരധിവാസത്തിനായി ധനസഹായം നൽകാത്തതിൽ നിയമസഭയിൽ കേന്ദ്ര സർക്കാരിന് വിമർശനം. നിയമസഭ ട്രഷറിയും പ്രതിപക്ഷ ബെഞ്ചുമാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായെത്തിയത്. അടിയന്തര പ്രമേയ ചർച്ചക്കിടെ സിപിഐയും യുഡിഎഫും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു.
മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിച്ചത് ഫോട്ടോ ഷൂട്ടിന് വേണ്ടിയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഫെഡറൽ ജനാധിപത്യ സംവിധാനത്തിൽ പുനരധിവാസത്തിന് പണം നൽകേണ്ടത് കേന്ദ്ര സർക്കാരിൻ്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് എൽഡിഎഫ് പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടലിൽ നാശനഷ്‌ടമുണ്ടായ സ്ഥലങ്ങളെല്ലാം തന്നെ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നുവെന്നും ദുരന്ത ബാധിതരെ കാണുകയും ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചിരുന്നുവെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.
വയനാട് സന്ദർശനത്തിനായി നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ ഒന്നര മണിക്കൂർ കൂടുതൽ പ്രധാനമന്ത്രി വയനാട്ടിൽ ചെലവഴിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്രം സംസ്ഥാനത്തിനൊപ്പം ഉണ്ടാകുമെന്ന് ഉന്നതതല യോഗത്തിൽ ഉറപ്പുനൽകിയെന്നും എംഎൽഎ പറഞ്ഞു. പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വയനാടിൻ്റെ പുനരധിവാസത്തിനായി കേന്ദ്രം ഇതുവരെ നയ പൈസ പോലും അനുവദിച്ചിട്ടില്ലെന്ന് സിദ്ദിഖ് എംഎൽഎ പറഞ്ഞു.
ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിലൂടെ കോടികളുടെ നഷ്‌ടമാണ് വയനാട്ടിൽ ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുനരധിവാസത്തിന് 2000 കോടി രൂപയെങ്കിലും വേണം. ദുരന്തം അതിജീവിച്ചവർ ഇപ്പോൾ ചോദിക്കുന്നത് പ്രധാനമന്ത്രി മോദി വയനാട് സന്ദർശനം നടത്തിയത് ഫോട്ടോ ഷൂട്ടിന് വേണ്ടിയാണോ എന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം അവഗണന തുടരുന്നത് വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായ കാലാവസ്ഥ പ്രവചനം നൽകുന്നതിനും അതിജീവിതരുടെ വായ്‌പകൾ എഴുതിത്തള്ളുന്നതിനും പുനരധിവാസ സംരംഭങ്ങൾക്കുമായി ഭൂമി ഏറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കുന്നതിനും സംസ്ഥാന സർക്കാരിൻ്റെയും വിവിധ വകുപ്പുകളുടെയും ഇടപെടൽ വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
വയനാടിനോട് കേന്ദ്രം തുടരുന്ന അവഗണനയ്‌ക്കെതിരെ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് കെകെ ശൈലജ പറഞ്ഞു. പ്രധാനമന്ത്രി വയനാട്ടിലെത്തി ദുരിത ബാധിതരെ സന്ദർശിച്ചപ്പോൾ മനസിന് വളരെയധികം ആശ്വാസം തോന്നിയെന്നും അവർ പറഞ്ഞു. ഒരു ഫെഡറൽ ജനാധിപത്യ സംവിധാനത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഓരോ സംസ്ഥാനത്തിനും പിന്തുണ നൽകേണ്ടതും പുനരധിവാസത്തിനുള്ള തുക നൽകേണ്ടതും കേന്ദ്ര സർക്കാരിൻ്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് അവർ കൂട്ടിച്ചേർത്തു.
Also Read:വയനാടിന് സഹായം വൈകിപ്പിക്കുന്നു; കേന്ദ്ര നടപടിക്കെതിരെ നിയമസഭ പ്രമേയം പാസാക്കി