വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ റാഗിങിന് ഇരയായി മരിച്ച സിദ്ധാർത്ഥന്‍റെ അച്ഛന്‍റെ മൊഴിയെടുക്കാനൊരുങ്ങി സിബിഐ. ചൊവ്വാഴ്‌ചയാണ് മൊഴി രേഖപ്പെടുത്തുക. അന്വേഷണം സിബിഐ ഏറ്റെടുത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്ള സംഘം വയനാട്ടിലെത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴി ചൊവ്വാഴ്‌ച രേഖപ്പെടുത്തും. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്‌ച വരാനാണ് സിബിഐ നിര്‍ദേശം. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ അറിയിച്ചത്. ഇന്നലെ ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്‌പി ടി നാരായണനുമായി സംസാരിച്ചു.
സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‌പി ടിഎൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താൽക്കാലിക ക്യാമ്പ്. ഡല്‍ഹിൽ നിന്ന് ഒരു എസ്‌പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. സംഘം ഒരാഴ്‌ച വയനാട്ടിൽ ഉണ്ടാകുമെന്നാണ് വിവരം.