കേരളം

kerala

ETV Bharat / state

സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍ - Sidharth Death Case

പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍.

Sidharth Death Case Sidharth Case CBI Enquiry  veterinary college student death  സിദ്ധാര്‍ത്ഥ് കേസ്  സിദ്ധാര്‍ത്ഥ് കേസ് സിബിഐയ്‌ക്ക് CBI Enquiry In Veterinary College Student Sidharath Death Case
Sidharth Death Case

By ETV Bharat Kerala Team

Published : Mar 9, 2024, 12:43 PM IST

Updated : Mar 9, 2024, 2:21 PM IST

തിരുവനന്തപുരം:പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ അറിയിച്ചത്.

കുടുംബത്തിൻ്റെ വികാരം മാനിച്ചാണ് കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടാൻ തീരുമാനിച്ചത്. നാടിനെയാകെ ദുഃഖത്തില്‍ ആഴ്‌ത്തിയതാണ് സിദ്ധാർത്ഥന്‍റെ ദൗർഭാഗ്യകരമായ മരണം. കേസില്‍ പൊലീസ് അന്വേഷണം നടന്നു വരികയാണെന്നും കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

അതേസമയം ഡീൻ, അസിസ്റ്റന്‍ഡ് വാർഡൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തണം. കേസിന്‍റെ കാര്യത്തില്‍ തീരുമാനമായ ശേഷം കോളജ് തുറന്നാല്‍ മതിയെന്നും സിദ്ധാര്‍ഥന്‍റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു.

അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് കൊലപാതകത്തിൽ പങ്ക് ഉണ്ട്. അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ട്. ഒരു പാർട്ടി ഒഴിച്ച് ബാക്കി എല്ലാ രാഷ്‌ട്രീയ പാർട്ടികളും തനിക്ക് പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, മഹിള കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ജെബി മേത്തർ എന്നിവര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആറാം ദിനത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചത്. സമരപ്പന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിരാഹാരമിരുന്ന നേതാക്കള്‍ക്ക് നാരങ്ങവെള്ളം നല്‍കി ഔദ്യോഗികമായി സമരം അവസാനിപ്പിച്ചത്.

കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സിദ്ധാര്‍ത്ഥന്‍റെ പിതാവ് ഫോണില്‍ വിളിച്ചറിയിച്ചു. പ്രതിപക്ഷ നേതാക്കൾ നടത്തിയ പോരാട്ടത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചില്ലെങ്കില്‍ ഇതിലും വലിയ പ്രതിഷേധങ്ങളിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരള പൊലീസ് അന്വേഷിച്ചാല്‍ സിദ്ധാര്‍ത്ഥന്‍റെ മരണത്തിന്‍റെ സത്യാവസ്ഥ പുറത്തുവരില്ല. കേരള പൊലീസിന്‍റെ അന്വേഷണം നീതിപൂർവ്വം ആകില്ല എന്ന് ഉറപ്പുള്ളതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേരളത്തിലെ മുഴുവൻ സ്ത്രീകളെയും വിദ്യാർഥികളെയും പ്രതിനിധാനം ചെയ്‌തുകൊണ്ടാണ് നിരാഹാര സമരം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 9, 2024, 2:21 PM IST

ABOUT THE AUTHOR

...view details