സംഭരണ പ്രഖ്യാപനമില്ല; നിസ്സാര വിലക്ക് കശുവണ്ടി വിറ്റ് കനത്ത നഷ്‌ടത്തില്‍ കര്‍ഷകര്‍ കണ്ണൂര്‍:കശുവണ്ടി വിളവിന്‍റെ പാതി സീസണ്‍ പിന്നിടുകയാണ്. സംഭരണം സംബന്ധിച്ച് യാതൊരു അറിയിപ്പും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. ചെറുകിട കച്ചവടക്കാര്‍ കിലോ ഗ്രാമിന് 100 ഉം 110 ഉം രൂപക്കാണ് കശുവണ്ടി ശേഖരിച്ചു തുടങ്ങിയത്.
സംഭരണ പ്രഖ്യാപനമില്ലാതിരുന്നതിനാല്‍ നിസ്സാര വിലക്ക് കശുവണ്ടി വില്‍ക്കേണ്ട സാഹചര്യമാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയോര കര്‍ഷകര്‍ക്കുണ്ടായിട്ടുള്ളത്. ഒരു കിലോ ഗ്രാം കശുവണ്ടി പരിപ്പിന് 1200 രൂപ വിലയുളളപ്പോഴാണ് അതിന്‍റെ പത്തിലൊന്നുപോലും വിലയില്ലാതെ കശുവണ്ടി വിറ്റഴിക്കേണ്ടി വരുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സര്‍ക്കാര്‍ സംഭരണം തീരുമാനിച്ചത്. സീസണ്‍ അവസാനിക്കാറായതിനാല്‍ സഹകരണ സംഘങ്ങള്‍ കശുവണ്ടി ശേഖരിക്കാനുളള സംഭരണ കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറായില്ല (Farmers suffer heavy losses by selling cashew nuts at low prices). ഇതോടെ കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷം കനത്ത നഷ്‌ടമാണുണ്ടായത്. ഇത്തവണത്തെ നഷ്‌ടം കൂടി സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കശുവണ്ടി കര്‍ഷകര്‍. കാലവര്‍ഷം നീണ്ടു നിന്നതിനാല്‍ കശുമാവ് പൂത്ത് വിരിയാന്‍ കാലതാമസമെടുത്തു. ആയതിനാല്‍ ഇപ്പോഴാണ് കശുവണ്ടി ഉത്പ്പാദനം ആരംഭിച്ചിട്ടുള്ളത്.
ഉടന്‍ സര്‍ക്കാര്‍ തലത്തില്‍ കുത്തക സംഭരണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കനത്ത നഷ്‌ടമാണ് കര്‍ഷകര്‍ക്കുണ്ടാവുക. സംഭരണം സംബന്ധിച്ച യോഗം പോലും ഇതുവരെ ചേര്‍ന്നിട്ടില്ല. സാധാരണ ഗതിയില്‍ കാപെക്‌സ്, സഹകരണ രജിസ്ട്രാര്‍, കശുമാവ് വികസന സമിതി എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് സംഭരണം തീരുമാനിക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ തവണ എല്ലാം താളം തെറ്റി. കാലം തെറ്റിയാണെങ്കിലും ഇപ്പോള്‍ ഉത്പ്പാദനം ആരംഭിച്ചു (Farmers suffer heavy losses by selling cashew nuts at low prices).
സ്വകാര്യ കച്ചവടക്കാര്‍ നൂറും നൂറ്റിപത്തും രൂപ മാത്രമേ നല്‍കുന്നുള്ളൂ. കിലോ ഗ്രാമിന് 114 രൂപ തറ വില നിലനില്‍ക്കുമ്പോഴും ഇതാണ് അവസ്ഥ. പതിവ് അനുസരിച്ച് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് കശുവണ്ടി വിളവിന്‍റെ യഥാര്‍ത്ഥ സീസണ്‍. അകാലത്തില്‍ പെയ്‌ത മഴ കാരണം കശുവണ്ടി ഉത്പ്പാദനം ഒന്നര മാസത്തോളം വൈകി. സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി 250 രൂപയെങ്കിലും കിലോഗ്രാമിന് നല്‍കിയില്ലയെങ്കില്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് കര്‍ഷക സംഘടന. കര്‍ഷക കോണ്‍ഗ്രസ്സ് ആഭിമുഖ്യത്തില്‍ മലയോര മേഖലകളില്‍ സമര പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.