ബസിന്‍റെ സമയക്രമം ചോദിക്കാനെത്തിയ ആൾക്ക് കെഎസ്ആർടിസി കൊല്ലം ഡിപ്പോയിലെ ജീവനക്കാരന്‍റെ മർദനം കൊല്ലം: ബസിന്‍റെ സമയക്രമം ചോദിച്ചറിയാനെത്തിയ ആൾക്ക് മർദ്ദനം. കൊല്ലം ഡിപ്പോയിലെ ജീവനക്കാരനാണ് മർദ്ദിച്ചത്. ഷാജിമോൻ എന്നയാൾക്കാണ് പരിക്കേറ്റത്. ഷാജിയെ മർദ്ദിച്ച ജീവനക്കാരൻ സുനിലിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ഞായറാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.
ആറ്റിങ്ങലിലേക്ക് പോകാൻ കൊല്ലം ഡിപ്പോയിൽ എത്തിയതായിരുന്നു ഷാജിമോൻ. ബസിന്‍റെ സമയക്രമം ചോദിച്ചറിയാനാണ് ഇയാൾ ഡിപ്പോയിലെ അന്വേഷണ കൗണ്ടറിൽ എത്തിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരൻ സുനിൽ അജിയെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്‌തതിനാണ് ഷാജിയെ ക്രൂരമായി മർദ്ദിച്ചത്.
ഈ സമയം ഡിപ്പോ പരിസരത്തുണ്ടായിരുന്ന യുവാക്കൾ ചേർന്നാണ് മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. മർദ്ദനത്തിൽ ഷാജിയുടെ വിരൽ ഒടിഞ്ഞു. തലക്കും പുറത്തിനും പരിക്കേറ്റു. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഷാജിയുടെ പരാതിയിൽ സുനിലിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും കെഎസ്ആർടിസി മാനേജിംഗ് ഡയറക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ഷാജി പറഞ്ഞു. കൊല്ലം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന വകുപ്പ് മന്ത്രിയുടെ ഉത്തരവിന് യാതൊരു വിലയും ജീവനക്കാർ നൽകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Also read: ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം: മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്