തിരുവനന്തപുരം: നിങ്ങള്‍ അടുത്ത ഒരാഴ്ചക്കകം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കോ തിരിച്ച് ചെന്നൈയില്‍ നിന്ന് കേരളത്തിലോട്ടോ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണോ. എങ്കില്‍ ഈ അറിയിപ്പ് നിങ്ങള്‍ കാണാതെ പോകരുത്.ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള നാല് തീവണ്ടികള്‍ റദ്ദാക്കിയതായാണ് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ചെന്നൈയില്‍ നിന്ന് കൊച്ചു വേളിയിലേക്കുള്ള ഗരീബ് രഥ് പ്രതിവാര സ്പെഷ്യല്‍ ട്രെയിനാണ് റദ്ദാക്കിയ ഒരു തീവണ്ടി.ബുധനാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന തീവണ്ടിയുടെ രണ്ടാഴ്ചത്തെ സര്‍വീസാണ് റദ്ദാക്കിയത്.ദക്ഷിണ റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ജൂണ്‍ 26 നും ജൂലൈ മൂന്നിനുമുള്ള വണ്ടികള്‍ ഓടില്ല. ചെന്നൈ സെന്‍ട്രലില്‍ നിന്ന് വൈകിട്ട് 3.45 ന് പുറപ്പെട്ട് ആരക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍ കോയമ്പത്തൂര്‍ വഴി കേരളത്തില്‍ പ്രവേശിക്കുന്ന ട്രെയിനില്‍ നിരവധി മലയാളി യാത്രക്കാരും ടിക്കറ്റ് റിസര്‍വ് ചെയ്യാറുണ്ട്. ഓര്‍ക്കാപ്പുറത്തു വന്ന കാന്‍സലേഷന്‍ അറിയിപ്പ് പാലക്കാട്, തൃശൂര്‍ ,ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കൊല്ലം, കൊച്ചുവേളി സ്റ്റേഷനുകളിലിറങ്ങാനിരുന്ന യാത്രക്കാര്‍ക്ക് തിരിച്ചടിയായി. അടുത്ത രണ്ട് വ്യാഴാഴ്ചകളില്‍ തിരിച്ച് കൊച്ചു വേളിയില്‍ നിന്ന് വൈകിട്ട് 6.25 ന് പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രലിലേക്കുള്ള 06044 നമ്പര്‍ തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ജൂണ്‍ 27 ജൂലൈ 4 തീയതികളിലെ തീവണ്ടികളാണ് റദ്ദാക്കിയത്.
ചെന്നൈ താംബരത്തു നിന്ന് പുറപ്പെട്ട് പാലക്കാട് ഒറ്റപ്പാലം ഷൊറണൂര്‍ വഴി മംഗലാപുരം വരെ പോകുന്ന താംബരം മാംഗളൂര്‍ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയത് ചെന്നൈയില്‍ നിന്ന് മലബാര്‍ ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവും.