എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഹർജിയിൽ സർക്കാരിൻ്റെ വിശദീകരണം തേടിയ കോടതി വിഷയം വീണ്ടും പരിഗണിക്കാനായി മാറ്റി. രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് തനിക്കെതിരെ കേസെടുത്തതെന്നും സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും മുൻകൂർ ജാമ്യ ഹർജിയിൽ അഖിൽ മാരാർ പറയുന്നുണ്ട്.
കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് ഈ മാസം ഒന്നാം തീയതി അഖിലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുരിത ബാധിതർക്ക് വീടുകൾ വച്ച് നൽകാമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താത്പര്യമില്ലെന്നും ഫേസ്ബുക്കിലൂടെ അഖിൽ കുറിച്ചിരുന്നു. തുടർന്നാണ് പൊലീസ് അഖിലിനെതിരെ കേസെടുത്തത്. ഐപിസിയിലെ 192, 45 എന്നീ വകുപ്പുകൾ പ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.