കോഴിക്കോട്:ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവൻ നാളെ (09.02.24) കാമ്പസിൽ എത്തും. ഇന്നു വരെയാണ് (വ്യാഴം) അധ്യാപിക അവധിയെടുത്തിരുന്നത്. നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ ഷൈജ അവധി നീട്ടുമോ എന്ന കാര്യം വ്യക്തമല്ല (Widespread Protest Against Calicut NIT Professor for Godse Remarks).
ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ ഇവരുടെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ എൻഐടി രജിസ്ട്രാർ അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ ചുമതലയുള്ള കുന്ദമംഗലം ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ എൻഐടി കാമ്പസിൽ എത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
മൊഴിയെടുക്കാൻ സ്‌റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് അധ്യാപികക്ക് നേരിട്ട് നോട്ടീസ് നൽകുമെന്ന് ഇൻസ്പെക്‌ടർ അറിയിച്ചു. സ്‌റ്റേഷനിൽ ഹാജരായില്ലെങ്കിൽ വനിത പൊലീസിന്‍റെ സാന്നിധ്യത്തിൽ അധ്യാപികയുടെ വീട്ടിലോ കാമ്പസിലോ എത്തി മൊഴിയെടുക്കാനുള്ള സാധ്യതയുണ്ട്. കൃഷ്‌ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്‌റ്റ് ചെയ്‌ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ വിവാദമായ കമന്‍റ് ചെയ്‌തത്. കമന്‍റിട്ടവരുടെ യുആർഎൽ ഐപി ആവശ്യപ്പെട്ട് അന്വേഷണസംഘം ഫേസ്ബുക്കിന് നൽകിയ നോട്ടീസിന് ബുധനാഴ്‌ചയും മറുപടി ലഭിച്ചിട്ടില്ല.
അധ്യാപിക ഷൈജ അണ്ടവനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഐടിയിലെ വിദ്യാർത്ഥി യൂണിയനായ സ്‌റ്റുഡന്‍റ്സ് അഫയേഴ്‌സ് കൗൺസിൽ (സാക്ക് ) എൻഐടി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ ഇന്നലെ ഷൈജ ആണ്ടവനെതിരെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.