കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പി വി അന്‍വർ മുതല്‍ പി പി ദിവ്യ വരെ നീളുന്ന വിവാദങ്ങൾ ആളിക്കത്തും - BY ELECTION IN KERALA

പലവിധ രാഷ്‌ട്രീയ പ്രശ്‌നങ്ങളാല്‍ തിളച്ചുമറിയുന്ന കേരള രാഷ്‌ട്രീയ ഭൂമികയിലേക്കാണ് ഒരു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ മൂന്നു മുന്നണികള്‍ക്കും ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.

KERALA BY ELECTION ANALYSIS  WAYANAD PALAKKAD CHELAKKARA POLLS  കേരളം ഉപതെരഞ്ഞെടുപ്പ്  വയനാട് പാലക്കാട് ചേലക്കര
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 15, 2024, 8:57 PM IST

Updated : Oct 15, 2024, 9:14 PM IST

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആരവമടങ്ങിത്തുടങ്ങവേ മറ്റൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് കേരളവും. മഹാരാഷ്‌ട്രയും ജാര്‍ഖണ്ഡും തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍, ഒപ്പം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തുന്നു.

രാഹുല്‍ ഗാന്ധിയ്ക്ക് രാഷ്‌ട്രീയ അഭയം നല്‍കിയ വയനാട്ടില്‍ അദ്ദേഹത്തിന്‍റെ സഹോദരിയായ പ്രയങ്ക പിന്‍ഗാമിയായി മത്സരത്തിനിറങ്ങുന്നതാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തുന്നത്. പക്ഷേ അതിനുമപ്പുറം 2025 ല്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും 2026 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനും മുമ്പുള്ള ഒരു മിനി തെരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ മൂന്നു മുന്നണികള്‍ക്കും ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നതില്‍ സംശയമില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതിനാല്‍ അതീവ ശ്രദ്ധയോടെ തന്നെയാകും എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഉപതെരഞ്ഞെടുപ്പില്‍ കരുക്കള്‍ നീക്കുക. പ്രതിപക്ഷത്തെ, പ്രത്യേകിച്ച് യുഡിഎഫിനെ സംബന്ധിച്ച് ആവനാഴിയില്‍ ആയുധങ്ങളേറെയാണ്. പക്ഷേ പ്രയോഗിക്കുമ്പോള്‍ അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലെങ്കില്‍ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പോലെയാകും എന്ന് അനുഭവം അവരെ പഠിപ്പിക്കുന്നു.

അതിനാല്‍ ഈ ആയുധങ്ങളെ എങ്ങനെ ലക്ഷ്യത്തിലെത്തിക്കാം എന്നതിലായിരിക്കും യുഡിഎഫ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ശ്രദ്ധ. അതുകൊണ്ട് തന്നെ മുന്നണികളുടെ വാര്‍ റൂമുകള്‍ക്ക് ഇനി വിശ്രമില്ലാത്ത ദിനങ്ങളായിരിക്കും. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങള്‍ക്കൊപ്പം വയനാട് ലോക്‌സഭ മണ്ഡലത്തിന്‍റെ ഉപതെരഞ്ഞെടുപ്പ് കൂടിയുണ്ടെങ്കിലും യുഡിഎഫ് ആക്രമണത്തിന്‍റെ കുന്തമുന നീളുന്നത് സര്‍ക്കാരിലേക്ക് തന്നെയാകും.

മുന്നണികളുടെ പ്രതീക്ഷ:

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതം കുറയ്ക്കുക എന്നതാകും എല്‍ഡിഎഫിന്‍റെ പ്രഥമ പരിഗണന. അതിന് ചേലക്കര നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റൊന്നും അവര്‍ക്ക് ചിന്തിക്കാനാകില്ല. അതേ സമയം തൃശൂരിലെ വിജയാരവം പാലക്കാടിലൂടെ നിയമസഭയിലുമെത്തിച്ച് കേരളം ബാലികേറാമലയല്ലെന്ന് കാണിക്കാനായാല്‍ 2026 ല്‍ കേരളത്തില്‍ അത്ഭുതം സൃഷ്‌ടിക്കാമെന്ന കണക്ക് കൂട്ടല്‍ ബിജെപി കേന്ദ്രങ്ങള്‍ക്കുമുണ്ട്.

ആറ് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷന്‍ പ്രശ്‌നം സര്‍ക്കാരിനെതിരെ കൃത്യമായി പ്രയോഗിക്കാനായാല്‍ താഴേത്തട്ടിലെ സാധാരണ വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന കണക്കുകൂട്ടല്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. ഇതോടൊപ്പം നിലവിലെ സര്‍ക്കാരിനെതിരായ രാഷ്‌ട്രീയ വിഷയങ്ങള്‍ കൂടി ശക്തമാക്കിയാല്‍ ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന ഒരു പ്രതീക്ഷ യുഡിഎഫ് വച്ചുപുലര്‍ത്തുന്നുണ്ട്.

രാഷ്‌ട്രീയ വിവാദങ്ങള്‍:

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ യുഡിഎഫിന് നിനച്ചിരിക്കാതെ സര്‍ക്കാരിനെ പ്രഹരിക്കാന്‍ ലഭിച്ച വടിയായി കണ്ണൂര്‍ എഡിഎമ്മിന്‍റെ ആത്മഹത്യ മാറി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭ ബഹിഷ്‌കരിച്ചു കൊണ്ടാണ് പ്രതിപക്ഷം ഫീല്‍ഡിലേക്ക് നീങ്ങിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇക്കാര്യത്തില്‍ തത്ക്കാലം പ്രതിരോധത്തിലാണെങ്കിലും കരകയറാന്‍ സിപിഎം വഴി തേടുന്നുണ്ട്. 5 മണിക്കൂര്‍ വൈകിയെങ്കിലും ദിവ്യയുടെ പ്രവൃത്തിയെ തള്ളിപ്പറയാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തയ്യാറായത് ഈ ഡാമേജ് കണ്‍ട്രോളിന്‍റെ ഭാഗമാണെന്നതില്‍ തര്‍ക്കമില്ല.

നിലവില്‍ സര്‍ക്കാര്‍ കടുംപിടുത്തത്തില്‍ നില്‍ക്കുന്ന ശബരിമല സ്‌പോട്ട് ബുക്കിങ് സംഭവം വിശ്വാസികള്‍ക്കിടയില്‍ നല്ല പ്രതികരണമുണ്ടാക്കുമെന്ന വിലയിരുത്തല്‍ യുഡിഎഫ് നിരയ്ക്കുണ്ട്. ഇതില്‍ നിന്ന് ബിജെപി മുതലെടുപ്പിന് മുതിരുന്നത് യുഡിഎഫ് നേതൃത്വം കാണാതിരിക്കുന്നില്ല. അതിനാല്‍ ഇക്കാര്യത്തിലും കരുതലോടെ മുന്നോട്ടു പോകാനാകും യുഡിഎഫ് ശ്രമം. ഇത് ബിജെപിയെ കേരളത്തില്‍ തട്ടിയുണര്‍ത്താനാണെന്ന് ആരോപിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനൊരു ശ്രമം പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതിനാല്‍ കടുംപിടുത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കുമെന്നൊരു സൂചനയുണ്ട്.

അന്‍വര്‍ എന്ന വന്മരം:

പിണറായിയുടെ ചാവേറായി നിന്ന് ഒടുവില്‍ സിപിഎമ്മിന്‍റെ മുടിയനായ പുത്ര പരിവേഷത്തില്‍ നില്‍ക്കുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചയാകുമെന്നതില്‍ തര്‍ക്കമില്ല. അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തില്‍ ഒരേ സമയം സിപിഎമ്മും ബിജെപിയും പ്രതിക്കൂട്ടിലാണ്. പ്രത്യേകിച്ചും തൃശൂര്‍ പൂരം കലക്കിയ സംഭവത്തിലും, എഡിജിപി എം ആര്‍ അജിത് കുമാറിന്‍റെ ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചയിലും.

ഇരുവര്‍ക്കും രഹസ്യ ബാന്ധവം എന്നു മാത്രമല്ല പൂരം കലക്കിക്കൊണ്ട് സുരേഷ്‌ ഗോപിക്ക് അനുകൂല സാഹചര്യമുണ്ടാക്കിയെന്നതിന് തെളിവായി യുഡിഎഫ് ഇതിനെ നിരത്തുകയും ചെയ്യുന്നു. യുഡിഎഫിന് 2019 - ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് കുറഞ്ഞത് ചൂണ്ടിക്കാട്ടി ഇതിനെ പ്രതിരോധിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ ഒന്നര ലക്ഷത്തിലധികം വോട്ട് തൃശൂരില്‍ എല്‍ഡിഎഫിന് കുറഞ്ഞെന്ന് പ്രതിപക്ഷവും തിരിച്ചടിക്കുന്നു. ഏറ്റവുമൊടുവില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെ വെറുതെ വിട്ടതിലും സിപിഎം-ബിജെപി ബന്ധം കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുറ്റപത്രം നല്‍കാന്‍ മനപൂര്‍വ്വം വൈകിപ്പിച്ച് സുരേന്ദ്രനെ സിപിഎം രക്ഷിച്ചെന്നാണ് ആരോപണം. മലപ്പുറത്തിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തില്‍ ഹിന്ദു ദിനപത്രം മാപ്പ് പറഞ്ഞതില്‍ തൂങ്ങിയാണ് സിപിഎം മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ക്കുന്നതെങ്കിലും അങ്ങനെ മുഖ്യമന്ത്രിയുടെ പേരില്‍ എഴുതിച്ചേര്‍ത്ത പി ആര്‍ ഏജന്‍സിക്കെതിരെ എന്തു കൊണ്ട് നടപടിക്ക് മുതിരുന്നില്ലെന്ന ആരോപണത്തിന് സിപിഎമ്മിന് തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല.

വനിതാ പോരാട്ടം

ഒരു പക്ഷേ സംസ്ഥാനത്ത് ഒരു ഉപതെരഞ്ഞെടുപ്പില്‍ ഇത്രയേറെ വനിതകള്‍ രംഗത്തിറങ്ങുന്നത് ഇതാദ്യമാകാം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി, ചേലക്കരയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ രമ്യ ഹരിദാസും പ്രൊഫ. സരസുവും, പാലക്കാട്ട് ശോഭാ സുരേന്ദ്രനും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നു മുന്നണികളിലുമായി വനിതകള്‍ ഇത്രയധികം ഇടം പിടിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതുയര്‍ത്തിയ പ്രകമ്പനങ്ങളും താഴെത്തട്ടില്‍ ചര്‍ച്ചയാകുമെന്നതിന് രണ്ടാമതൊരാലോചന വേണ്ട.

നിലനില്‍പ്പിനായുള്ള പോരാട്ടത്തിനായി മൂന്ന് മുന്നണികളും അവസാന ആയുധവും പുറത്തെടുക്കുമെന്നുറപ്പുള്ള തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ അവസാനം വെട്ടേറ്റു വീഴുന്നതാര് എന്ന ഉദ്വോഗത്തിലാണ് ഇന്ന് മുതല്‍ കേരളത്തിലെ മൂന്നു മുന്നണികളും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങൾ ലഭിച്ച മണ്ഡലമാണ് ചേലക്കര: കെ രാധാകൃഷ്‌ണൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങൾ ലഭിച്ച മണ്ഡലമാണ് ചേലക്കരയെന്ന് മണ്ഡലം എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്‌ണന്‍. ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിന് ഒപ്പം നിന്നിരുന്നു. കേന്ദ്ര ഗവൺമെന്‍റിനോടുള്ള എതിർപ്പും സംസ്ഥാന ഗവൺമെന്‍റിനോടുള്ള അനുകൂല സാഹചര്യവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും രാധാകൃഷ്‌ണന്‍ എംപി പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ ഗംഭീര വിജയമുണ്ടാകും: എംഎം വർഗീസ്

ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഗംഭീര വിജയമുണ്ടാകുമെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വർഗീസ്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാമെന്നും എംഎം വര്‍ഗീസ് പറഞ്ഞു. കോൺഗ്രസ് വോട്ടുകൾ അവർക്കു പോയി.
യുഡിഎഫിന്‍റെ 87,000 വോട്ടുകൾ കാണാനില്ല. എൽഡിഎഫിൽ എല്ലാ കമ്മിറ്റികളും ഒരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാണ്ടാകുമെന്നും എംഎം വര്‍ഗീസ് പറഞ്ഞു.

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷ : കെകെ അനീഷ്‌ കുമാര്‍

ബിജെപി വലിയ പ്രതീക്ഷയോട് കൂടിയാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് ബിജെപി തൃശൂര്‍ ജില്ല അധ്യക്ഷന്‍. തൃശ്ശൂരിൽ ബിജെപി നേടിയ വിജയം ചേലക്കരയിൽ ആവർത്തിക്കാനാകും എന്നാണ് ശുഭാപ്‌തി വിശ്വാസമെന്നും അനീഷ് കുമാര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ എല്ലാ സംഘടന സംവിധാനങ്ങളും സജ്ജമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ രണ്ട് മാസം മുൻപേ ആരംഭിച്ചിരുന്നു. ബിജെപിയെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയുള്ള ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നാണ് ചേലക്കര. തദ്ദേശ തെരഞ്ഞെടുപ്പിൽ 38,000ത്തില്‍ പരം വോട്ടുകൾ നേടാനായിരുന്നു. ബിജെപിക്ക് അനുകൂലമായ തരംഗം ചേലക്കരയിൽ നിലനിൽക്കുന്നുണ്ട്.

സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും നൂറ് കണക്കിനാളുകളാണ് ചേലക്കരയിൽ ബിജെപിയിലേക്ക് എത്തിയത്. ജയിക്കാൻ സാധിക്കുന്ന എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയമെന്നും അനീഷ് കുമാര്‍ പറഞ്ഞു. അതേസമയം സ്ഥാനാർഥി നിര്‍ണയത്തില്‍ പാർട്ടി കമ്മറ്റികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ലെന്നും അനീഷ്‌ കുമാര്‍ വ്യക്തമാക്കി.

Also Read:വയനാട്ടില്‍ പെണ്‍പോരോ?; പ്രിയങ്കയുടെ എതിരാളി ആര്‌?

Last Updated : Oct 15, 2024, 9:14 PM IST

ABOUT THE AUTHOR

...view details