തിരുവനന്തപുരം: കൊല്ലം നഗരത്തിലും കൊട്ടാരക്കരയിലും രണ്ട് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന വന്‍ പ്രഖ്യാപനമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നത്തെ ബജറ്റില്‍ നടത്തിയിരിക്കുന്നത്. ഇതിന് പുറമെ കൊല്ലത്തിനായി വാരിക്കോരി മറ്റ് പ്രഖ്യാപനങ്ങളും നടത്തിയിട്ടുമുണ്ട് കൊല്ലംകാരനായ ധനമന്ത്രി. വിദ്യാഭ്യാസം, തീരദേശം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വികസനത്തിനാണ് വന്‍ പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊല്ലത്ത് ഭക്ഷ്യ പാര്‍ക്കിനായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ശാസ്‌താംകോട്ടയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപയും ബജറ്റ് വിഹിതമുണ്ട്. വിഴിഞ്ഞം- കൊല്ലം-പുനലൂര്‍ ത്രികോണ വികസന പദ്ധതിയും ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിന് അഞ്ച് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലാണ് മ്യൂസിയം തുടങ്ങുക. നീണ്ടകര മത്സ്യബന്ധന തുറമുഖ വികസനത്തിനും പദ്ധതിയുണ്ട്.
ഓഷ്യാനേറിയം, മറൈന്‍ അക്വേറിയം എന്നിങ്ങനെയും പ്രഖ്യാപനങ്ങളുണ്ട്. കൊട്ടാരക്കരയില്‍ അമിനിറ്റി സെന്‍ററിനായി അഞ്ച് കോടിരൂപയും നീക്കി വച്ചിട്ടുണ്ട്.
ഇതിന് പുറമെ തീരദേശ ഹൈവേ, സീപ്ലെയിന്‍ പദ്ധതി, എന്നിവയുടെ പ്രയോജനങ്ങളും കൊല്ലത്തിന് ലഭിക്കും. കശുവണ്ടി, കയര്‍മേഖലയുടെ പുനരുജ്ജീവന പദ്ധതികളും കൊല്ലം ജില്ലയ്ക്ക് തന്നെയാകും ഏറ്റവും കൂടുതല്‍ ഫലം ചെയ്യുക. ഇതിന് പുറമെ റോഡിനും പാലങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള അധികഫണ്ടുകളുടെ ഗുണവും ജില്ലയ്ക്കും ലഭിക്കും. വിദ്യാഭ്യാസ മേഖലയ്ക്കും വന്‍ പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിട്ടുണ്ട്.