പത്തനംതിട്ട:ശബരിമലയില്‍ സൗജന്യ വൈഫൈ, റോമിങ് തുടങ്ങിയ ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുമായി ബിഎസ്എന്‍എൽ. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ആധുനിക വാര്‍ത്താ വിനിമയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ വിപുലമായ ക്രമീകരണങ്ങള്‍ ആവിഷ്‌കരിച്ചു.
ഫൈബര്‍ കണക്റ്റിവിറ്റി
അതിനൂതനവും 300 എബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമല, പമ്പ, നിലക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധ്യമാക്കി. ഫൈബര്‍ കണക്റ്റിവിറ്റിയിലുടെ ദേവസ്വം ബോര്‍ഡ്, പൊലീസ്, ഫോറസ്റ്റ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ഫൈബര്‍ കണക്റ്റിവിറ്റി ലഭിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈഫൈ റോമിങ്
വീടുകളില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന്‍ എടുത്തിട്ടുള്ള ഏതൊരു ഉപഭോക്താവിനും ശബരിമലയില്‍ വൈഫൈ റോമിങ് സംവിധാനം ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണ്. http://portal.bsnl.in/ftth/wifiroaming എന്ന പോര്‍ട്ടലിലോ ബിഎസ്എന്‍എല്‍ വൈഫൈ റോമിങ് എന്ന എസ്എസ്ഐഡി ഉള്ള ആക്‌സസ് പോയിന്‍റില്‍ നിന്നോ രജിസ്‌റ്റര്‍ ചെയ്‌ത് ഉപയോഗിക്കാം.
ശബരിമലയിലേക്കുള്ള തീര്‍ഥാടന പാതയില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭ്യമാക്കാന്‍ 21 മൊബൈല്‍ ടവറുകള്‍ ബിഎസ്എന്‍എല്‍ സജ്ജമാക്കി. ളാഹ, അട്ടത്തോട്, ശബരിമല ടെലിഫോണ്‍ എക്‌സ്ചേഞ്ച്, കസ്‌റ്റമര്‍ സര്‍വീസ് സെന്‍റര്‍, ശരംകുത്തി, പ്ലാപ്പള്ളി, പമ്പ, പമ്പ ഗസ്‌റ്റ് ഹൗസ്, പമ്പ ഹോസ്‌പിറ്റല്‍, പമ്പ കെഎസ്ആര്‍ടിസി, നിലയ്ക്കല്‍ ക്ഷേത്രം, നിലക്കല്‍ ആശുപത്രി തുടങ്ങിയ സ്ഥിരം ടവറുകളില്‍ ഫോര്‍ ജി കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. ഇലവുങ്കല്‍, ശബരിമല ഗസ്‌റ്റ് ഹൗസ്, കൈലാഷ് ബില്‍ഡിംഗ്, പ്രണവ് ബില്‍ഡിംഗ് പമ്പ ഹില്‍ ടോപ്, പമ്പ കസ്‌റ്റമര്‍ സര്‍വീസ് സെന്‍റര്‍, നിലക്കല്‍ പാര്‍ക്കിങ്, നിലക്കല്‍ പി പൊലീസ് കണ്ട്രോള്‍ എന്നിവിടങ്ങളില്‍ എട്ട് താല്‍ക്കാലിക ടവറുകളും സജ്ജമാക്കിയിട്ടുണ്ട്. പൂര്‍ണമായും തദ്ദേശീയ ഫോര്‍ ജി സാങ്കേതിക വിദ്യയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.