തിരുവനന്തപുരം: ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കരമന തളിയല്‍ ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന നാലാഞ്ചിറ വിവേകാന്ദ നഗര്‍ ഐശ്വര്യയില്‍ രമണി അമ്മ മകന്‍ മനോജ് എന്നിവരുടെ പരാതിയില്‍ എടുത്ത കേസിലാണ് ആദ്യ കുറ്റപത്രം.
ഇരുവരില്‍ നിന്നുമായി 21,29,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ 21 പ്രതികളാണ് ഉളളത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, വഞ്ചനാ കുറ്റം, വ്യാജ രേഖ ചമക്കല്‍, വ്യാജ രേഖ അസലായി ഉപയോഗിക്കല്‍, കുറ്റകരമായ ഗൂഢാലോചന, ഇവയ്ക്ക് പുറമെ ബഡ്‌സ് ആക്റ്റ് പ്രകാരമുളള കുറ്റങ്ങളും സഹകരണ നിയമപ്രകാരമുളള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 1076 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുളളത്. പ്രതികള്‍ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ എടുത്ത് തങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ വസ്‌തുക്കളും വാഹനങ്ങളും വാങ്ങി നിക്ഷേപകര്‍ക്ക് നിക്ഷേപം മടക്കി നല്‍കാതെ കബളിപ്പിച്ചു എന്നാണ് കേസ്. സംഘത്തില്‍ 260.18 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്.