തിരുവനന്തപുരം:ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടു നിയോഗിച്ച പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ എ കെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി കോഴ ആരോപണ കുടുക്കില്‍. തലയൂരാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കുരുക്കിലേക്കാണ് അനില്‍ ആന്‍റണി പതിച്ചുകൊണ്ടിരിക്കുന്നത്.
അധികാര ദല്ലാള്‍ എന്ന നിലയില്‍ കുപ്രസിദ്ധനായ വിവാദ വ്യവസായി നന്ദകുമാറാണ് തെരഞ്ഞെടുപ്പിന്‍റെ മൂര്‍ധന്യത്തില്‍ അനില്‍ ആന്‍റണിക്കെതിരെ കോഴ ആരോപണവുമായി രംഗത്തു വന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കേരള ഹൈക്കോടതിയില്‍ ഒരു അഭിഭാഷകനെ സിബിഐയുടെ സ്‌റ്റാന്‍ഡിങ് കൗണ്‍സല്‍ ആയി നിയമിക്കുന്നതിന് തന്‍റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ അനില്‍ ആന്‍റണി കൈക്കൂലിയായി വാങ്ങിയെന്ന നന്ദകുമാറിന്‍റെ ആരോപണമാണ് ഒരേ സമയം ബിജെപിയെയും എകെ ആന്‍റണിയുടെ മകനെയും വെട്ടിലാക്കിയിരിക്കുന്നത്.
"പണം വാങ്ങിയെങ്കിലും നിയമനം നല്‍കിയില്ല. നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അതിനും അനില്‍ ആന്‍റണി തയ്യാറായില്ല. തുടര്‍ന്ന് അന്നത്തെ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനെ സമീപിച്ചു. എന്നിട്ടും നടക്കാതായതോടെ അന്തരിച്ച മുന്‍ എംപിയും തൃക്കാക്കര എംഎല്‍എയുമായിരുന്ന പിടി തോമസിനെ വിവരം അറിയിച്ചു. പിടി തോമസ് ഇടപെട്ടശേഷമാണ് അനില്‍ ഗഡുക്കളായി പണം തിരിച്ചു നല്‍കിയത്." -ഇതായിരുന്നു നന്ദകുമാറിന്‍റെ ആരോപണം.
എന്നാല്‍ ഈ ആരോപണത്തെ ശരിവെച്ചും തള്ളിയും വ്യത്യസ്‌ത പ്രതികരണമാണ് കോണ്‍ഗ്രസിനകത്തു നിന്ന് വന്നത്. ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിയ പി ടി തോമസിന്‍റെ പത്നി ഉമാ തോമസ് എംഎല്‍എ ഇക്കാര്യം നിഷേധിച്ചിരുന്നു. പി ടി തോമസ് ഇടപെട്ട് അത്തരം ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ഈ ആവശ്യവുമായി ആരും പി ടിയെ സമീപിച്ചിട്ടില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി. എന്നാല്‍ അനില്‍ ആന്‍റണിയില്‍ നിന്നും പണം തിരികെ കിട്ടാന്‍ നന്ദകുമാര്‍ തന്നെ സമീപിച്ചിരുന്നെന്നും തുക വാങ്ങിയെങ്കില്‍ തിരികെ നല്‍കാന്‍ താന്‍ പറഞ്ഞെന്നും പി ജെ കുര്യന്‍ സ്ഥിരീകരിച്ചു. അതോടെ അനില്‍ കൂടുതല്‍ കുരുക്കിലായി.
രണ്ടാം യുപിഎ മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന എ കെ ആന്‍റണിയെ ഉപയോഗിച്ച് മകന്‍ നടത്തിയ നിരവധി കോഴ ഇടപാടുകളില്‍ ഒന്നാണിതെന്ന ആരോപണം കോണ്‍ഗ്രസിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉയര്‍ന്നതോടെ തന്‍റെ ജയം തടയാന്‍ യുഡിഎഫ് നന്ദകുമാറിനെ ഇറക്കിയെന്ന ദുര്‍ബ്ബല പ്രതിരോധവുമായി അനില്‍ രംഗത്തു വന്നു. അതിനിടെ കേരളത്തിന്‍റെ ചുമതലുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ഇതു സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നന്ദകുമാറിനെ തനിക്കറിയില്ലെന്നു പ്രതികരിച്ച് വന്‍ നാണക്കേടിലും ചെന്നു പെട്ടു. ജാവദേക്കറുടെ പ്രതികരണത്തിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രകാശ് ജാവദേക്കര്‍ പാര്‍ട്ടി വാഹനം ഒഴിവാക്കി നന്ദകുമാറിന്‍റെ വാഹനത്തില്‍ കയറിപ്പോകുന്ന ചിത്രം ഒരു മലയാളം ന്യൂസ് ചാനല്‍ പുറത്തു വിട്ടു.
ഒരു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നിന്ന് ഒരേ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ നന്ദകുമാറും ജാവദേക്കറും നന്ദകുമാറിന്‍റെ വാഹനത്തില്‍ കയറിപ്പോകുന്ന ദൃശ്യങ്ങളോടെ ജാവദേക്കര്‍ക്കും നന്ദകുമാറിനെ അറിയാമെന്നതിനു തെളിവായി. ആരോപണം നിഷേധിച്ചതോടെ അനില്‍ ആന്‍റണിയുടെ പങ്ക് തെളിയിക്കുന്ന വീഡിയോ പുറത്തുവിടുമെന്ന നന്ദകുമാറിന്‍റെ ഭീഷണിയാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്. കോണ്‍ഗ്രസിനകത്തെ ചേരിപ്പോരിന്‍റെ ഭാഗമായി എ കെ ആന്‍റണിയെ ലക്ഷ്യമിട്ട് ദല്ലാള്‍ നന്ദകുമാറിനെ മുന്‍ നിര്‍ത്തി നടത്തുന്ന ആക്രമണം എന്നതില്‍ കവിഞ്ഞ് ആക്ഷേപത്തിന് വില കല്‍പ്പിക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രതികരണം.
ഡല്‍ഹിയിലെ സൂപ്പര്‍ ദല്ലാളായ അനില്‍ ആന്‍റണി എകെ ആന്‍റണിയുടെ പ്രതിരോധ മന്ത്രി സ്ഥാനം ഉപയോഗിപ്പെടുത്തി രണ്ടു യുപിഎ സര്‍ക്കാരുകളെയും വിറ്റു കാശക്കിയെന്നുള്ള നന്ദകുമാറിന്‍റെ ആരോപണം പരോക്ഷമായി എകെ ആന്‍റണിക്കും ക്ഷീണമായി. അതിനിടെ പേരു വെളിപ്പെടുത്താതെ മറ്റൊരു എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെയും നന്ദകുമാര്‍ ആരോപണം ഉന്നയിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ ഒരു തീപ്പൊരി നേതാവ് ഭൂമി തരാമെന്നു പറഞ്ഞ് തന്‍റെ കയ്യില്‍ നിന്ന് അക്കൗണ്ടിലേക്ക് 10 ലക്ഷം വാങ്ങിയെന്നതാണ് പുതിയ ആരോപണം. നിരന്തരമുള്ള കോഴ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്നു. അതൊഴിവാക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.
Also Read:അനിൽ ആന്‍റണിയുടേത് വിവര ദോഷം; ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്ന് ആന്‍റോ ആന്‍റണി