തൃശൂര്‍: അതിരപ്പിള്ളിയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകി. അതിരപ്പിള്ളിയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകി. ആനയുടെ മസ്‌തകത്തിലെ ആഴത്തിലുള്ള മുറിവിൽ നിന്ന് പഴുപ്പ് നീക്കം ചെയ്‌ത ശേഷം മരുന്നും ആന്‍റിബയോട്ടിക്കുകളും നൽകി ആനയെ കാട്ടിലേക്ക് അയച്ചു.
ആനയ്ക്ക് തുടർ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ദൗത്യത്തിനിടെ കാട്ടിലേക്ക് ഉൾവലിഞ്ഞ ആനയെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. 3 കാട്ടാനകൾക്കൊപ്പം നിന്ന കൊമ്പൻ അവർക്കൊപ്പം വെറ്റിലപ്പാറ പതിനാലിൽ നിന്ന് ചാലക്കുടിപ്പുഴയിലെ തുരുത്തിലേക്ക് മാറി. ഇതിനിടയിൽ ദൗത്യ സംഘം മേഖലയിലെത്തി. ആനക്കൂട്ടത്തിൽ നിന്ന് വേർപെട്ടെത്തിയ കൊമ്പനെ കാലടി പ്ലാന്‍റേഷന്‍റെ രണ്ടാം ബ്ലോക്കിൽ വെച്ച് മയക്കു വെടിവെച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് തവണ വെടിയേറ്റ കൊമ്പൻ അര മണിക്കൂറിനുള്ളിൽ മയങ്ങി. പിന്നാലെ ആനയെ വടംവെച്ച് ബന്ധിപ്പിച്ച ശേഷം കണ്ണ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടി. ഏണിയിൽ കയറി നിന്ന് ഡോക്‌ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയ്ക്ക് ചികിത്സ നൽകി.
ആനകൾ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായതാണ് ആഴത്തിലുള്ള മുറിവ് എന്ന് അരുൺ സക്കറിയ പറഞ്ഞു. മുറിവ് ആഴമേറിയതും ഉണങ്ങാത്ത നിലയിലുമായിരുന്നു. ആനയ്ക്ക് തുടർനിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡി എഫ് ഒ ആർ ലക്ഷ്‌മി വ്യക്തമാക്കി. മയക്കം വിട്ടുമാറിയ ആനയെ പിന്നീട് വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ കാട്ടിലേക്ക് അയച്ചു.