തൃശൂർ :മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 65 അംഗ ദൗത്യ സംഘമാണ് ആനയെ മയക്കുവെടിവച്ചത്. രണ്ട് ദിവസമായി നടത്തി വന്നിരുന്ന തെരച്ചിലിനൊടുവിൽ ഇന്ന് (ജനുവരി 24) രാവിലെയാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്.
ഇന്ന് (ജനുവരി 24) രാവിലെയാണ് ആന കാടിറങ്ങിയത്. ആന മുളങ്കാട്ടിലേക്കും ചാലക്കുടി പുഴയിലേക്കും പോകാതിരിക്കാനായി വാഹനങ്ങൾ കൊണ്ട് വലയം തീർത്ത ശേഷമാണ് കാലടി പ്ലാന്‍റേഷനിൽ വച്ച് മയക്കുവെടിവച്ചത്. ദൗത്യസംഘത്തിന്‍റെ നീക്കം മൂന്നാം ദിവസമാണ് ലക്ഷ്യം കണ്ടത്. നാലുതവണ മയക്കുവെടി വച്ചതിൽ ഒരെണ്ണം ആനയുടെ പിൻകാലിലേറ്റു. തുടർന്ന് ആന ക്ഷേത്രത്തിന്‍റെ സമീപത്തേക്ക് നീങ്ങിയതോടെ ദൗത്യസംഘവും പിന്തുടർന്നു.
ഇന്ന് രാവിലെ 8.30ന് ശേഷമാണ് ആനയെ മയക്കുവെടി വച്ചത്. ശേഷം ചികിത്സ ആരംഭിച്ചു. ആനയുടെ ശരീരം തണുപ്പിക്കാൻ വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. സ്‌റ്റാൻഡിങ് പൊസിഷനിൽ മയങ്ങിയ ആനയെ വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം പരിശോധിച്ച് ചികിത്സ നൽകും.