കേരളം

kerala

'മാഫിയകളെയും ക്രിമിനലുകളെയും സിപിഎം പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കുന്നു': കെ സുരേന്ദ്രൻ - K Surendran Flays CPM

By ETV Bharat Kerala Team

Published : Jul 12, 2024, 9:57 PM IST

മാഫിയകളെയും ക്രിമിനലുകളെയും സിപിഎം പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ കാണുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.

K SURENDRAN CPM  KERALA CPM  കെ സുരേന്ദ്രൻ ബിജെപി  സിപിഎം കേരള
K Surendran (ETV Bharat)

പത്തനംതിട്ട: മാഫിയകളെയും ക്രിമിനലുകളെയും സിപിഎം പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ കാണുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാപ്പ കേസ് പ്രതിക്കും കഞ്ചാവ് കേസിൽ പിടിയിലായ പ്രതിക്കും പിന്നാലെ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും സിപിഎമ്മിൽ ചേർന്നതിൽ ഒരു അത്ഭുതവുമില്ലെന്നും സുരേന്ദ്രന്‍ പ്രസ്‌താവനയിൽ പറഞ്ഞു.

ക്രിമിനലുകൾക്ക് ഭരണത്തിന്‍റെ തണലിൽ സംരക്ഷണം കൊടുക്കാമെന്ന വാഗ്‌ദാനമാണ് സിപിഎം നൽകുന്നത്. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നവരെ സ്ഥാനത്ത് നിന്നും മാറ്റി നിർത്തുന്നതാണ് ബിജെപിയുടെ രീതി. എന്നാൽ അത്തരക്കാരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. നേരത്തെ തന്നെ സർക്കാർ മാഫിയകൾക്ക് ഒത്താശ ചെയ്‌തു കൊടുത്ത് കൊണ്ടിരിക്കെയാണ് സാമൂഹ്യ വിരുദ്ധരെ സ്വീകരിക്കാൻ ആരോഗ്യമന്ത്രി പത്തനംതിട്ടയിൽ നേരിട്ടെത്തുന്നത്. മുദ്രാവാക്യം വിളിച്ചാണ് മന്ത്രി ഇത്തരക്കാരെ പാർട്ടിയിലേക്ക് ആനയിക്കുന്നത്.

കേരളം പനിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ആരോഗ്യമന്ത്രി കാപ്പ - കഞ്ചാവ് കേസ് പ്രതികളെ വരവേൽക്കുന്നത്. കോളറ പോലുള്ള, നിർമ്മാർജനം ചെയ്യപ്പെട്ട രോഗങ്ങൾ തിരിച്ചുവരുകയാണ്. ഡെങ്കിയും എച്ച് 1 എൻ 1 ഉം സർവ്വസാധാരണവുമാവുകയാണ്. പനിബാധിച്ച് നൂറുകണക്കിനാളുകളാണ് കേരളത്തിൽ മരണപ്പെടുന്നത്. ഇതിലൊന്നും ശ്രദ്ധയില്ലെങ്കിലും ഗുണ്ടകളെ പാർട്ടിയിൽ ചേർക്കാൻ ആരോഗ്യമന്ത്രിക്ക് വലിയ താത്പര്യമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ഭീകരവാദ സ്വഭാവമുള്ളവർക്ക് വേണ്ടിയായിരുന്നു സിപിഎമ്മിന്‍റെ വാതിലുകൾ തുറന്നിട്ടിരുന്നത് എന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റിക്രൂട്ട്മെന്‍റ് ചെയ്‌ത സിപിഎമ്മിനെ ആലപ്പുഴയിലും കണ്ണൂരുമെല്ലാം അടിസ്ഥാന ജനവിഭാഗം കയ്യൊഴിഞ്ഞ കാഴ്‌ചയാണ് പൊതുതെരഞ്ഞെടുപ്പിൽ കണ്ടത്. മത തീവ്രവാദികൾക്കും സാമൂഹ്യ വിരുദ്ധൻമാർക്കും സംരക്ഷണം നൽകുന്ന പാർട്ടിയായി സിപിഎം അധപതിച്ചു കഴിഞ്ഞു എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Also Read :ക്രൈസ്‌തവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ രാഷ്ട്രീയ നേതാക്കള്‍ കരുക്കൾ നീക്കുന്നു; കെ സുരേന്ദ്രനെതിരെ കെസിബിസി - KCBC Criticizes K Surendran

ABOUT THE AUTHOR

...view details