എറണാകുളം:ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പാലക്കാട്ടെ ഉപതെരെഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ ഭിന്നതകൾക്കിടെയാണ് ഭാരവാഹി യോഗം ചേരുന്നത്. പാലക്കാട്ടെ പരാജയത്തെ തുടർന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ പരസ്യ വിമർശനവുമായി ചില നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്ന് പരസ്യ വിമർശനത്തിന് വിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യം വരെയുണ്ടായി. സ്ഥാനാർഥി നിർണയം മുതൽ തുടങ്ങിയ ഭിന്നത തെരെഞ്ഞെടുപ്പ് പരാജയത്തോടെ മൂർച്ഛിക്കുകയായിരുന്നു. പാലക്കാട് ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു.
ശോഭയ്‌ക്കായി പ്രചാരണ ബോർഡുകൾ വരെ ഉയർന്നിരുന്നു. എന്നാൽ കെ സുരേന്ദ്രന്‍റെ എതിർപക്ഷത്തുള്ള ശോഭയെ തഴഞ്ഞ് സി കൃഷ്‌ണകുമാറിനെ രംഗത്തിറക്കുകയായിരുന്നു. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ പതിനായിരത്തിലേറെ വോട്ട് കൂടി കുറഞ്ഞതോടെയാണ് പാളയത്തിലെ പട ശക്തമായത്.
കെ സുരേന്ദ്രന്‍റെ രാജിക്കായി കൃഷ്‌ണദാസ് പക്ഷവും ശോഭ പക്ഷവും അണിയറ നീക്കം ശക്തമാക്കിയിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. വി മുരളീധരന്‍റെ നോമിനിയായ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം കയ്യൊഴിയാനുള്ള സാധ്യത കുറവാണ്.