കോട്ടയം:റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടത്തിൻ്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര സർക്കാരിനെയും കേന്ദ്ര റെയിൽവേ മന്ത്രിയെയും ഉദ്ഘാടകനായ കേന്ദ്രമന്ത്രി ജോർജ് കുര്യനെയും അവഹേളിച്ചെന്ന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര റെയിൽ വേ മന്ത്രിക്കും റെയിൽവേ അതോറിറ്റിക്കും പരാതി നൽകുമെന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി പിജി ബിജു കുമാർ പറഞ്ഞു.
ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രിയുടെയും ജോർജ് കുര്യൻ്റെയും ചിത്രങ്ങൾ വച്ചില്ലെന്ന് ബിജെപി ആരോപിച്ചു. നരേന്ദ്ര മോദി ഗവൺമെൻ്റ് നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ മോദിയുടെ ചിത്രം വയ്ക്കാതിരുന്നത് അനുചിതമായി എന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജു കുമാർ വ്യക്തമാക്കി.
കോട്ടയം റെയിൽ വേ സ്‌റ്റേഷൻ രണ്ടാം കവാടം ഉദ്‌ഘാടനം (ETV Bharat) ഉദ്ഘാടകനായ കേന്ദ്ര സഹമന്ത്രിയെ ആശംസ പ്രസംഗത്തിനായി റെയിൽവേ ഉദ്യോഗസ്ഥൻ ക്ഷണിച്ചത് കടുത്ത അവഗണനയായെന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി. അവഹേളനത്തിനെതിരെ റെയിൽ വേമന്ത്രിക്ക് പരാതി നൽകുമെന്നും, റെയിൽ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബിജെപി കൂട്ടിച്ചേർത്തു.
അതേസമയം നരേന്ദ്ര മോദിയാണ് വികസനം നടപ്പാക്കിയതെന്നും, എപ്പോഴും ബിജെപിക്കാരായ തങ്ങൾ അതിൻ്റെ ക്രഡിറ്റ് അവകാശപ്പെടാൻ ഇവിടെയുണ്ടാകുമെന്നും പറഞ്ഞാണ് ജോർജ് കുര്യൻ പ്രസംഗം തുടങ്ങിയത്. ഇനിയുള്ള വികസനവും മോദി കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.
Also Read:അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 35 റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് അശ്വിനി വൈഷ്‌ണവ്