കേരളം

kerala

ETV Bharat / state

മന്ത്രിയുമായി അഭിപ്രായഭിന്നത; കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി

ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കെ വാസുകിക്ക് നൽകി

Biju Prabhakar  KSRTC  Biju Prabhakar transfer  കെഎസ്ആർടിസി എംഡി  ബിജു പ്രഭാകർ
Biju Prabhakar

By ETV Bharat Kerala Team

Published : Feb 20, 2024, 6:43 AM IST

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായഭിന്നതയ്ക്ക് പിന്നാലെ ബിജു പ്രഭാകറിനെ കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. റോഡ്, ജലഗതാഗതം എന്നീ വകുപ്പുകളിൽ നിന്നാണ് മാറ്റം. പകരം വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു (Biju Prabhakar Transferred From Transport Department).

അതേസമയം റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലേബർ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബർ ആൻഡ് സ്‌കിൽസ് സെക്രട്ടറിയായും നിയമിച്ചു. വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകി.

ലേബർ ആൻഡ് സ്‌കിൽസ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അർജുൻ പാണ്ഡ്യനെ ലേബർ കമ്മിഷണറായും നിയമിച്ചു. നയപരമായ വിഷയങ്ങളിൽ ഗണേഷ് കുമാറും ബിജു പ്രഭാകറും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ഇലക്ട്രിക് ബസ് വിഷയത്തിലടക്കം അത് പ്രകടവുമായിരുന്നു.

ഇതിന് പിന്നാലെ ബിജു പ്രഭാകർ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അതേസമയം, മന്ത്രിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് സ്ഥാനം ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നുമായിരുന്നു ബിജു പ്രഭാകറിന്‍റെ പ്രതികരണം.

ഓസ്ട്രേലിയയിൽ പൊതു ഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാൻ പോയ ബിജു പ്രഭാകർ ജനുവരി 28ന് മടങ്ങിയെത്തിയെങ്കിലും സിഎംഡി സ്ഥാനം ഏറ്റെടുത്തിരുന്നില്ല. ഇന്നലെയാണ് (ഫെബ്രുവരി 19) അദ്ദേഹം അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചത്. നേരത്തെ, ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലും ബിജു പ്രഭാകർ പങ്കെടുത്തിരുന്നില്ല.

ABOUT THE AUTHOR

...view details