കേരളം

kerala

ETV Bharat / state

പ്രീമിയം മദ്യം വീടുകളിലെത്തിക്കാന്‍ ബെവ്കോ അനുകൂലം; മൗനം പാലിച്ച് സര്‍ക്കാര്‍ - LIQUOR THROUGH FOOD DELIVERY APPS - LIQUOR THROUGH FOOD DELIVERY APPS

ഫുഡ് ഡെലിവറി ആപ്പിലൂടെ മദ്യം വീട്ടിലെത്തിക്കാന്‍ ബെവ്കോ തയ്യാര്‍. വിഷയത്തില്‍ മൗനം തുടര്‍ന്ന് സര്‍ക്കാര്‍. മദ്യ വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്ന് ബെവ്‌കോ.

ഓൺലൈനിലൂടെ മദ്യവിൽപ്പന  LIQUOR THROUGH ONLINE  BEVCO  മദ്യം വീടുകളിലെത്തിക്കാന്‍ ബെവ്കോ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 19, 2024, 9:44 PM IST

തിരുവനന്തപുരം: മദ്യം വീടുകളിലെത്തിക്കാന്‍ സ്വിഗ്ഗി ഉള്‍പ്പെടെയുള്ള ഇ-വാണിജ്യ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ മനസ് തുറക്കാന്‍ തയ്യാറായിട്ടില്ല. മദ്യനയം മാറ്റാന്‍ ബാര്‍ ഹോട്ടലുകളില്‍ നിന്ന് മാസപ്പടി പിരിച്ചുവെന്ന ആരോപണം നേരിടുന്ന സര്‍ക്കാരിന് മദ്യം വീട്ടിലെത്തിച്ച് മറ്റൊരു വിവാദത്തില്‍ കൂടി തലവയ്ക്കാന്‍ താത്‌പര്യമില്ല.

ബിയറും വൈനും ഉള്‍പ്പെടെയുള്ള വീര്യം കുറഞ്ഞ മദ്യം ആദ്യഘട്ടമായി വീട്ടിലെത്തിക്കാനുള്ള നിര്‍ദേശമാണ് സ്വിഗ്ഗി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ആപ്പുകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്. എന്നാല്‍ മദ്യം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നതിലൂടെ മദ്യത്തിന് വീട്ടിലേക്ക് സര്‍ക്കാര്‍ തന്നെ വഴി വെട്ടിത്തെളിക്കുമെന്ന പ്രതീതി സൃഷ്‌ടിക്കുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു.

അതിനാലാണ് തത്കാലം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. അതേസമയം ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാരിന് മുന്നിലേക്ക് വന്നപ്പോള്‍ ബിവറേജസ് കോര്‍പറേഷനോട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച അഭിപ്രായം ആരാഞ്ഞിരുന്നു. സര്‍ക്കാരിന് വന്‍ തോതില്‍ വരുമാന വര്‍ധനയും ഗണ്യമായി തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതാണ് നിര്‍ദേശം എന്ന നിലയില്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്ന് ബെവ്‌കോ മറുപടി നല്‍കിയിരുന്നു.

സര്‍ക്കാരിൻ്റെ പൊതുനയത്തിന് അനുയോജ്യമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. എങ്കിലും സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കാതെ മാറ്റിവച്ചു. ഇപ്പോള്‍ വീണ്ടും ഇ-വാണിജ്യ കമ്പനികള്‍ നിര്‍ദേശവുമായി രംഗത്തെത്തിയതോടെയാണ് വീണ്ടും ഇക്കാര്യം ചര്‍ച്ചയായത്. മദ്യം ഇത്തരത്തില്‍ വീടുകളിലെത്തിക്കുന്നതിലൂടെ മദ്യപാനം എന്ന സാമൂഹിക വിപത്തിനെ വീടുകളുടെ സ്വീകരണ മുറികളിലെത്തിക്കാന്‍ സര്‍ക്കാര്‍തന്നെ മുന്നോട്ടുവന്നു എന്ന പ്രതീതി സൃഷ്‌ടിക്കുമെന്ന് ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയായിരുന്നു മറ്റൊരു പ്രതികൂല ഘടകമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ബിയർ, വൈന്‍ എന്നതിലപ്പുറം ബെവ്‌കോയുടെ പ്രീമിയം കൗണ്ടറുകളിലൂടെ വില്‍പ്പന നടത്തുന്ന എല്ലാ പ്രീമിയം ബ്രാന്‍ഡ് മദ്യങ്ങളും ബിയറും വൈനും സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ആപ്പുകളിലൂടെ വില്‍ക്കുന്നതില്‍ തെറ്റില്ലെന്ന് ബെവ്‌കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സമ്പന്നരായ മദ്യ ഉപഭോക്താക്കള്‍ മദ്യ വില്‍പ്പന ഔട്ട്ലെറ്റിലേക്ക് വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

പ്രത്യേകിച്ചും അത്തരക്കാര്‍ സാധാരണ മദ്യശാലകളില്‍ നേരിട്ട് മദ്യം വാങ്ങാനെത്തുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. മാത്രമല്ല ഇതിലൂടെ മദ്യ വില്‍പ്പന ഗണ്യമായി വര്‍ധിക്കുകയും ചെയ്യുമെന്നും ബെവ്‌കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കാര്യങ്ങളിങ്ങനെയാണെങ്കിലും തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിൻ്റെ ഔദ്യോഗിക മദ്യ നയം അടുത്തമാസം പുറത്തിറങ്ങാനിരിക്കേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമോ എന്നാണ് ഇ-വാണിജ്യ കമ്പനികള്‍ ഉറ്റു നോക്കുന്നത്.

Also Read:മദ്യം ബുക്ക് ചെയ്യാം, ഓണ്‍ലൈനായി

ABOUT THE AUTHOR

...view details