കേരളം

kerala

ETV Bharat / state

ബെവ്കോ വനിത ജീവനക്കാരെ തൊട്ടാല്‍ ഇനി വിവരമറിയും; കായിക പരിശീലന പദ്ധതിയുമായി എംഡി

പരിശീലന ചുമതല രണ്ട് വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക്.

BEVCO MD HARSHITA ATTALURI  ബെവ്കോ ജീവനക്കാർക്ക് പരിശീലനം  TRAINING TO WOMEN BEVCO EMPLOYEES  LATEST NEWS IN MALAYALAM
Harshita Attaluri, Bevco (ETV Bharat)

By ETV Bharat Kerala Team

Published : Nov 14, 2024, 2:42 PM IST

തിരുവനന്തപുരം:രാവിലെ 10 മുതല്‍ രാത്രി 9 വരെ മദ്യപാനികളുമായി ഇടപഴകുന്നവരാണ് ബിവറേജസ് കോര്‍പ്പറേഷനിലെ ഭൂരിപക്ഷം വനിത ജീവനക്കാരും. നേരമിരുട്ടിയാല്‍ പിന്നെ ഔട്ട്ലെറ്റുകളിൽ എത്തുന്നവരില്‍ അധികം പേരും പലപ്പോഴും മദ്യ ലഹരിയിലുമായിരിക്കും. ഈ സാഹചര്യങ്ങളെയൊക്കെ അതിജീവിച്ച് വേണം ബെവ്കോയിലെ വനിത ജീവനക്കാര്‍ക്ക് മുന്നോട്ടു പോകാന്‍.

കേരളത്തിൽ ബിവറേജസിന്‍റെ 285 ഔട്ട്ലെ‌റ്റുകളാണ് ഉള്ളത്. രാത്രി 9 ന് കച്ചവടം അവസാനിപ്പിച്ച് പണമെല്ലാം എണ്ണിത്തിട്ടപ്പെടുത്തി ഔട്ട്ലെറ്റിനു ഷട്ടറിട്ട് വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സമയം രാത്രി 10 മണിയായിട്ടുണ്ടാകും. പല സ്ഥലങ്ങളിലും ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പ്രധാന ജങ്ഷനുകളില്‍ നിന്ന് മാറി ഒറ്റപ്പെട്ട സ്ഥലങ്ങളിലാണെന്നത് പലപ്പോഴും വനിത ജീവനക്കാര്‍ക്ക് വെല്ലുവിളിയുമാണ്.

ബെവ്കോയിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതോടെ പരീക്ഷയെഴുതി യോഗ്യത നേടി ബെവ്കോയില്‍ നിയമനം നേടുന്ന വനിതകളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ആകെയുള്ള ജീവനക്കാരുടെ 50 ശതമാനവും വനിത ജീവനക്കാരാണ്. മാത്രമല്ല, ബിവറേജസ് കോര്‍പ്പറേഷന്‍റെ 40 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കോര്‍പ്പറേഷന്‍റെ തലപ്പത്ത് ഒരു വനിത എംഡി എത്തുകയും ചെയ്‌തു.

സംസ്ഥാന പൊലീസിലെ ഏറ്റവും മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയായ ഹര്‍ഷിത അട്ടല്ലൂരി കോര്‍പ്പറേഷന്‍റെ എംഡിയായതോടെയാണ് കോര്‍പ്പറേഷന്‍റെ ചരിത്രത്തിലാദ്യമായി വനിത ജീവനക്കാര്‍ക്ക് സ്വയം സുരക്ഷ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

ഡിസംബര്‍ 1 മുതല്‍ 18 വരെ വനിത ജീവനക്കാര്‍ക്ക് അതത് ജില്ലകളില്‍ ഏകദിന പരീശീലനമാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ കായിക പരിശീലനവും ആക്രമണത്തിന് വിധേയമാകുന്ന അവസരങ്ങളില്‍ അതിവേഗത്തില്‍ പ്രതികരിക്കാനുള്ള പരിശീലനവുമാണ് ഒരുക്കുന്നതെന്ന് ബെവ്കോ എംഡി ഹര്‍ഷിതാ അട്ടല്ലൂരി ഇടിവി ഭാരതിനോടു പറഞ്ഞു.

രണ്ട് വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനത്തിന്‍റെ ചുമതല. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം, വനിത സെല്‍ എഐജി ബാസ്‌റ്റിന്‍ സാബു എന്നിവര്‍ക്കാണ് പരിശീലനത്തിന്‍റെ മേല്‍നോട്ട ചുമതല. കേരള പൊലീസിലെ വുമണ്‍ സെല്‍ഫ് ട്രെയിനിങ് ടീമാണ് ജീവനക്കാരെ പരിശീലിപ്പിക്കുക. ഓരോ ജില്ലകളിലും വ്യത്യസ്‌ത ദിവസങ്ങളിലായിരിക്കും പരിശീലന ക്ലാസുകള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബെവ്കോ ആസ്ഥാനത്തുള്ളവര്‍ക്ക് ഡിസംബര്‍ 18 ന് തിരുവന്തപുരത്ത് വച്ച് പരിശീലനം നല്‍കും. എല്ലാ വനിത ജീവനക്കാരും നിര്‍ബന്ധമായും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് എംഡി നിര്‍ദേശിച്ചിട്ടുണ്ട്. ശാരീരിക അവശതയുള്ളവരും പരീശീലന ക്യാമ്പിലെത്തി പരിശീലനം കണ്ടു മനസിലാക്കണമെന്നാണ് ഉത്തരവ്. എല്ലാ പ്രായത്തിലുമുള്ള വനിതകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ലളിതമായ കായിക മുറകളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

വനിതകള്‍ക്ക് കഠിനമായ കായിക മുറകള്‍ പരിശീലിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കൂടിയാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. അതിക്രമങ്ങള്‍ക്ക് സ്ത്രീ ജീവനക്കാര്‍ വിധേയമാകുന്ന ഘട്ടത്തില്‍, പ്രത്യേകിച്ചും രാത്രിയില്‍ അതിക്രമത്തിനു വിധേയമാകുമ്പോള്‍ അതിവേഗം പ്രതികരിച്ച് രക്ഷപ്പെടുകയോ ആളെക്കൂട്ടുകയോ ചെയ്യുന്ന തരത്തിലാണ് പരീശിലനം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് എംഡി പറഞ്ഞു.

സംസ്ഥാനത്തെ ചില്ലറ മദ്യ വില്‍പനയുടെ കുത്തക സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ബെവ്കോ എന്ന കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ്. 1984 ല്‍ നിലവില്‍ വന്ന ഈ സ്ഥാപനത്തില്‍ ആകെ 1600 വനിതാ ജീവനക്കാരാണുള്ളത്. ഇത് ആകെയുള്ള ജീവനക്കാരുടെ 50 ശതമാനമാണ്.

Also Read:ബെവ്‌കോയ്ക്ക് കെട്ടിടം വാടകയ്ക്കു നല്‍കാന്‍ താത്പര്യമുണ്ടോ ?; പൊതുജനങ്ങള്‍ക്ക് സമീപിക്കാന്‍ 'ബെവ്‌സ്‌പേസ്' എന്ന പോര്‍ട്ടലുമായി ബിവറേജസ്

ABOUT THE AUTHOR

...view details