കോട്ടയം: കര്‍ദിനാളായി അഭിഷിക്തനായ മാര്‍ ജോര്‍ജ് കൂവക്കാട്ടിലിന്‍റെ ജന്മനാട്ടില്‍ ആഘോഷങ്ങളുമായി ക്രൈസ്‌തവ വിശ്വാസികള്‍. ചങ്ങനാശേരി നഗരത്തിലും മാമൂട് ലൂര്‍ദ് മാതാ പള്ളിയിലുമാണ് വിശ്വാസികള്‍ അണിചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 51കാരനായ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ ഇന്നലെയാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി അഭിഷേകം ചെയ്‌തത്.
ചങ്ങനാശേരി അതിരൂപതയുടെയും രാജ്യത്തിന്‍റെയും അഭിമാനമായി കൂവക്കാടിന്‍റെ സ്ഥാനാരോഹണമെന്ന് വിശ്വാസികള്‍ പറയുന്നു. കൂവക്കാടിന്‍റെ സ്ഥാനാരോഹണത്തോടെ ഇന്ത്യയില്‍ നിന്ന് ആറ് കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ സഭയിലുള്ളത്.
അടുത്താഴ്‌ച റോമില്‍ നിന്ന് തിരികെ എത്തുന്ന പിതാവിന് ഗംഭീര സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസി സമൂഹം. ഡിസംബര്‍ 23ന് നടക്കുന്ന സ്വീകരണച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതായി മാമൂട് ലൂര്‍ദ്‌മാതാ പള്ളിയിലെ വികാരി ഫാദര്‍ ജോണ്‍ വി തടത്തില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കര്‍ദിനാളിന്‍റെ സ്വന്തം ഇടവകയായ പള്ളിയില്‍ അഭിഷേക ചടങ്ങുകള്‍ വലിയ സ്ക്രീനില്‍ ലൈവ് സ്ട്രീമിങ് നടത്തി. ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍ അടക്കമുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു.
പ്രതികരണവുമായി മാര്‍ ജോര്‍ജ് കൂവക്കാട്ടിലിന്‍റെ കുടുംബം
ഇത് തമ്പുരാന്‍റെ ഇച്ഛയാണെന്നായിരുന്നു കൂവക്കാട്ടിലിന്‍റെ സഹോദരി ലിറ്റി മാത്യു പ്രതികരിച്ചു. തങ്ങള്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഈ ക്രിസ്‌തുമസ് കാലത്ത് തങ്ങള്‍ക്ക് ലഭിച്ച വലിയ സമ്മാനമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ പതിനഞ്ചോടെ വീട്ടിലേക്ക് കര്‍ദിനാളെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ലിറ്റിയുടെ ഭര്‍ത്താവ് മാത്യു സ്‌കറിയ പറഞ്ഞു. തങ്ങള്‍ ആകാംക്ഷയോടെ അദ്ദേഹത്തിന്‍റെ വരവ് കാത്തിരിക്കുകയാണ്. എല്ലാവരും നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
അഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്‍റെ ഇടവകയില്‍ നിന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്‍റെ നേതൃത്വത്തില്‍ നിരവധി വിശ്വാസികളടക്കം വത്തിക്കാനിലെത്തിയിരുന്നു. സ്ഥാനാരോഹണ ചടങ്ങിനിടെ ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും ആഘോഷങ്ങള്‍ പൊടിപൊടിച്ചു. ചടങ്ങില്‍ നേരിട്ട് പങ്കെടുത്തവര്‍ വീഡിയോ കോളിലൂടെയും മറ്റും തങ്ങളുടെ സന്തോഷം നാട്ടിലുളളവരുമായി പങ്കുവച്ചു.
സന്തോഷ മുഹൂര്‍ത്തമെന്ന് മോദി
അതേസമയം ഇതൊരു സന്തോഷ മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. തന്‍റെ ജീവിതം യേശുദേവന്‍റെ സേവനത്തിനായി മാറ്റി വച്ച കൂവക്കാട്ടില്‍ പിതാവിന് എല്ലാ ആശംസകളും നേരുന്നുവെന്നും മോദി കുറിച്ചു. വത്തിക്കാനില്‍ ഇന്നലെ ആയിരുന്നു കൂവക്കാട്ടില്‍ പിതാവിനെ കര്‍ദിനാളായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിഷേകം ചെയ്‌തത്.
Also Read:മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കര്‍ദിനാളായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ