ഇടുക്കി :വേനൽ കടുത്തതോടെ ഇടുക്കി ജില്ലയിൽ തേനീച്ച, കടന്നൽ ആക്രമണങ്ങൾ പതിവാകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ തേനീച്ച ആക്രമണത്തിൽ രണ്ടുപേരുടെ ജീവൻ നഷ്‌ടമായി. 34 പേർക്കാണ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സ തേടേണ്ടി വന്നത്. തേനീച്ച ആക്രമണങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ കോഡിനേഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ഈ വർഷം ആദ്യം തേനീച്ച ആക്രമണം റിപ്പോർട്ട് ചെയ്‌തത് കല്ലാറിലാണ്. ജനുവരി 21ന് ഇവിടെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഫെബ്രുവരി 12ന് മാവടിയിൽ മൂന്നുപേർക്ക് കടന്നൽ കുത്തേറ്റു. ഫെബ്രുവരി 16ന് നല്ലതണ്ണി കുറുമല ഡിവിഷനിൽ സ്ത്രീകളടക്കമുള്ള 25 പേർക്കാണ് കുത്തേറ്റത്. ഇതേ ദിവസം തന്നെ രാമചന്ദ്രൻ എന്ന വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഏറ്റവും ഒടുവിലാണ് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന വയോധിക തേനീച്ചയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. നെടുങ്കണ്ടം അൻപതേക്കർ സ്വദേശിനി തുളസിയാണ് തേനീച്ച ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.