കേരളം

kerala

ETV Bharat / state

ക്ഷേത്രങ്ങളിലെ സ്ഥിരം 'വെണ്ണക്കള്ളന്‍'; തേൾപാറയിൽ ഭീതി പരത്തിയ കരടി ഒടുവിൽ കെണിയിൽ - BEAR TRAPPED IN THELPARA

വനംവകുപ്പ് അമ്പലമുറ്റത്ത് ഒരുക്കിയ കെണിയിലാണ് കരടി കുടുങ്ങിയത്.

BEAR  BEAR TRAPPED  കരടി കുടുങ്ങി  BEAR MALAPPURAM
Bear Trapped (ETV Bharat)

By ETV Bharat Kerala Team

Published : Feb 12, 2025, 1:35 PM IST

മലപ്പുറം:ക്ഷേത്രങ്ങളിലെത്തി എണ്ണയും നെയ്യും ഭക്ഷിക്കും. പിന്നെ ആളെക്കാണാൻ കിട്ടില്ല. പൂക്കോട്ടുംപാടം തേൾപാറയിൽ നിരന്തരം പ്രദേശവാസികൾക്ക് ശല്യമായി മാറിയ കരടി ഒടുവിൽ കൂട്ടിലായി.കൊമ്പൻക്കല്ല് ചിറമ്മൽ കുടുംബക്ഷേത്രാങ്കണത്തിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കരടി അകപ്പെട്ടത്.

ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് കരടി കൂട്ടിലകപ്പെട്ടത്. കവളമുകട്ട, ഒളർവട്ടം, കൊമ്പൻക്കല്ല്, ടി കെ കോളനി ഭാഗങ്ങളിൽ ഒന്നര വർഷമായി കരടി ഭീതി പരത്താൻ തുടങ്ങിയിട്ട്. റബർ തോട്ടത്തിൽ വിവിധ കർഷകർ സ്ഥാപിച്ച നിരവധി തേൻപ്പെട്ടികളാണ് കരടി തകർക്കുകയും തേൻ ഭക്ഷിക്കുകയും ചെയ്‌തത്.

തേൾപാറയിൽ ഭീതി പരത്തിയ കരടി കെണിയിലായപ്പോൾ. (ETV Bharat)

കൂടാതെ നിരവധി വഴിയാത്രക്കാരുടെ മുന്നിൽ അകപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംക്ഷണം നൽകാൻ, മേഖലയിൽ ഭീതിപരത്തുന്ന കരടിയെ കെണിവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു. ഇതേ തുടർന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കരടിയെ കെണിവച്ച് പിടികൂടാൻ അനുമതി നൽകിയിരുന്നു.

ഇതോടെ കരടിക്കായി അമ്പലമുറ്റത്ത് കെണി ഒരുക്കി. ബുധനാഴ്‌ച പുലർച്ചെ 12.45ഓടെ കെണിയുടെ വാതിൽ അടയുന്ന ശബ്‌ദം കേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കരടി കൂട്ടിലകപ്പെട്ടത് കണ്ടത്. ഉടനെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധാനിക് ലാൽ, കാളികാവ് റേഞ്ച് ഓഫീസർ പി രാജീവ്, വനം വെറ്റിനറി സർജൻ ഡോക്‌ടർ എസ് ശ്യാം, ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അഭിലാഷ്, പൂക്കോട്ടുമ്പാടം എസ്ഐ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി കരടിയെ പരിശോധിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൂർണ ആരോഗ്യവനായ കരടിയെ പുലർച്ചെ നാലുമണിയോടെ കൊമ്പൻക്കല്ലിൽ നിന്നും നെടുങ്കയം വനം സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. കരടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച ശേഷം ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ പറഞ്ഞു. ജീവന് ഭീഷണിയായി മാറിയ കരടി കെണിയിലായതോടെ ജനങ്ങളുടെ ഭീതി അകറ്റാൻ ഒരു പരിധി വരെ കഴിഞ്ഞെന്നും ഇതിനായി മാസങ്ങളോളം പരിശ്രമിച്ച വനംവകുപ്പ് ജീവനക്കാരോട് നന്ദി പറയുന്നതായും വാർഡ് മെമ്പർ വി കെ ബാലസുബ്രമണ്യൻ പറഞ്ഞു.

Also Read:അടങ്ങാത്ത കാട്ടാനക്കലി; വയനാട്ടിൽ വീണ്ടും ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details