തിരുവനന്തപുരം:ഇത് തിരുവനന്തപുരം നഗരത്തിലെ കുമാരപുരം യു പി സ്‌കൂള്‍. സംസ്ഥാനത്ത് എല്ലായിടത്തെയും പോലെ കുഞ്ഞുങ്ങളെ വരവേൽക്കാന്‍ ടീച്ചര്‍മാരും സ്‌കൂള്‍ അധികൃതരും പ്രദേശത്തെ സന്നദ്ധ സേവകരുമെല്ലാം പ്രവേശനോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവിടെ. സ്‌കൂളിന് കുറച്ച് അപ്പുറം മാറി സ്വകാര്യ കിന്‍റര്‍ ഗാര്‍ഡന്‍-ഡേ കെയര്‍ സ്‌കൂളുമുണ്ട്. ഇരു വിദ്യാലയങ്ങള്‍ക്കും ഇവിടെ ഒരേ അയല്‍വാസിയാണ്. നാല് സ്റ്റാര്‍ റേറ്റിങ്ങുള്ള ഒരു ബാര്‍.
നൂറ്റിപത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുമാരപുരം യു പി സ്‌കൂളിന്‍റെ പ്രധാന കവാടം തുടക്കം മുതല്‍ക്ക് തന്നെ പ്രധാന റോഡിന് സമീപമായിരുന്നു. ബാര്‍ വന്ന് ഒരു വര്‍ഷത്തിനകം സ്‌കൂളിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റ് വഴിയുള്ള പ്രവേശനം നിര്‍ത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതിലിടിച്ച് ഉണ്ടാക്കിയ ഗേറ്റ് വഴിയാണ് ഇപ്പോള്‍ പ്രവേശനം. സ്‌കൂളിലെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 2022ല്‍ ഉദ്ഘാടനം ചെയ്‌തത് മുതല്‍ പുതിയ ഗേറ്റാണ് ഇപ്പോള്‍ ഉപയോഗത്തില്‍.