തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴ വിവാദം. മദ്യ നയത്തിലെ ഇളവുകള്‍ക്ക് പണം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ശബ്‌ദ സന്ദേശം പുറത്ത്. ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അനിമോന്‍, ഇടുക്കി ജില്ലയിലെ ബാര്‍ ഹോട്ടലുടമകളോട് രണ്ടര ലക്ഷം വീതം നല്‍കണമെന്ന് സൂചിപ്പിക്കുന്ന ശബ്‌ദസന്ദേശമാണ് പുറത്തുവന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് എറണാകുളം റിനൈസന്‍സ് ഹോട്ടലില്‍ നടന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് പിരിവെന്നും അനിമോന്‍ ബാര്‍ ഉടമകള്‍ക്ക് അയച്ച വാട്‌സ് ആപ്പ് ശബ്‌ദ സന്ദേശത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാറ്റങ്ങള്‍ വരും. ഡ്രൈ ഡേ ഒഴിവാക്കുക, ബാര്‍ സമയം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് ശബ്‌ദ സന്ദേശം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് വന്നാലുടന്‍ പുതിയ പോളിസി വരും, ഇതില്‍ ഡ്രൈ ഡേ എടുത്തുകളയുമെന്നും ശബ്‌ദ സന്ദേശത്തില്‍ പറയുന്നു.