കേരളം

kerala

ETV Bharat / state

ബാങ്ക് ഓഫ് മഹാരാഷ്ട്ര കേസ്: മധ ജയകുമാര്‍ പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന് - Bank of Maharashra gold Fraud - BANK OF MAHARASHRA GOLD FRAUD

സ്വര്‍ണം പണയം വച്ചത് തമിഴ്‌നാട്ടില്‍. ഭാര്യയും തട്ടിപ്പില്‍ പങ്കാളി.

BANK FRAUD FOLLOW  MADHA JAYAKUMAR  BANK OF MAHARASHTRA  VADAKARA BRANCH
മധ ജയകുമാർ (ETV Bharat)

By ETV Bharat Kerala Team

Published : Aug 22, 2024, 2:06 PM IST

കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് പണയ സ്വർണം തട്ടിയ കേസിലെ പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് പൊലീസ്. മോഷ്‌ടിച്ച സ്വർണം ഇയാള്‍ തമിഴ്‌നാട്ടിലാണ് പണയം വച്ചതെന്നും പൊലീസ് കണ്ടെത്തി.

തമിഴ്‌നാട്ടിലെ ഒരു ബാങ്കിന്‍റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വര്‍ണം പണയം വച്ചത്. 26 കിലോ സ്വർണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്‌ടിച്ചത്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത്. ഓൺലൈൻ ട്രേഡിങ്ങിൽ മധ ജയകുമാറിന്‍റെ ഭാര്യയും പങ്കാളിയാണ്. ഇൻഷുറൻസ് ജീവനക്കാരനെയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്യും. പ്രതി മധ ജയകുമാറിന് തമിഴ്‌നാട്ടിൽ ഹോട്ടൽ കെട്ടിടമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

സ്വർണം മോഷ്‌ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ കഴിഞ്ഞ ദിവസം തെലങ്കാനയിൽ നിന്നാണ് പിടികൂടിയത്. കർണാടക വഴി തെലങ്കാനയിലെത്തിയ പ്രതി ഭാര്യക്കും സുഹൃത്തിനുമൊപ്പം മഹാരാഷ്ട്രയിലേക്ക് കടക്കാനിരിക്കേയാണ് പിടിയിലായത്.

തെലങ്കാനയിലെത്തി പുതിയ മൊബൈൽ സിം കാർഡ് വാങ്ങാൻ ശ്രമിച്ചപ്പോഴാണ് മധ കുടുങ്ങിയത്. പുതിയ ആധാർ കാർഡ് എടുക്കാൻ പ്രതി ഏജൻസിയിലെത്തി. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് സംശയം തോന്നി. ഇതോടെ മധ ജയകുമാറിനെ ആധാർ ഏജൻസി ജീവനക്കാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു.

തന്നെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രക്ഷപ്പെടാനുള്ള തന്ത്രങ്ങളെടുത്തു. കയ്യിൽ സ്വയം മുറിവേൽപ്പിച്ചു. പ്രകോപിതനായ ഇയാളെ ആധാർ ഏജൻസി ജീവനക്കാർ കീഴ്‌പ്പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. തെലങ്കാന പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിൽ എത്തിച്ച് മുറിവിന് ചികിത്സയും നൽകി.

പിന്നാലെ കേരള പൊലീസിനെ വിവരം അറിയിച്ചു. തെലങ്കാനയിൽ എത്തിയ കേരള പൊലീസ് വിമാനമാർഗം പ്രതിയെ കോഴിക്കോട് എത്തിച്ചു. തുടർന്ന് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ചോദ്യം ചെയ്‌ത് വരികയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയം വച്ച 26 കിലോ സ്വർണമാണ് ബാങ്ക് മാനേജർ കൂടിയായ പ്രതി കവർന്നത്. മധ ജയകുമാർ പകരം വച്ച 26 കിലോ വ്യാജ സ്വർണം പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഈ തരത്തിൽ പണയ സ്വർണം കൈക്കലാക്കാൻ മറ്റാരെങ്കിലും മധയെ സഹായിച്ചോ എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.

Also Read:വടകരയിലെ ബാങ്കില്‍ 17 കോടിയുടെ തട്ടിപ്പ്; 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി

ABOUT THE AUTHOR

...view details