എറണാകുളം:ലൈംഗികാതിക്രമക്കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലായിരുന്നു കേസ് എടുത്തത്. പരാതി നൽകിയതിൻ്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. അന്തസും അഭിമാനവും സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ജാമ്യം നൽകവെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ, രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും, സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ ബാലചന്ദ്രമേനോൻ്റെ വാദം.